സന്താനനിയന്ത്രണം പരിഷ്കൃതമോ? പ്രാകൃതമോ?
അബൂഅമീന്‍
വിശുദ്ധ പാത
"ദാരിദ്യ്രഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു.''(17:31)സ്ത്രീ സംരക്ഷണത്തിനും പുരോഗതിക്കും സമൂഹനന്മയ്ക്കുമൊക്കെയായി സാംസ്കാരിക നായകന്മാരെന്ന പേരിലറിയപ്പെടുന്ന ചിലര്‍ സര്‍ക്കാരിനു മുമ്പില്‍ സമര്‍പ്പിച്ച 'കേരളാ വിമന്‍സ് കോഡ് ബില്ലിന്റെ' കരട് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ?
ദാരിദ്യ്രത്തിനും കഷ്ടതകള്‍ക്കുമുളള പരിഹാരം സന്താനങ്ങള്‍ വേണ്ടെന്ന് വെക്കലാണെന്ന നിര്‍ദേശം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ശുദ്ധഅസംബന്ധമാണ്. തലവേദനക്ക് പരിഹാരമായി തലവെട്ടാന്‍ നിര്‍ദേശിക്കുന്ന 'ഭിഷഗ്വരനെയും' സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറക്കാന്‍ നിര്‍ദേശിക്കുന്ന 'സാമ്പത്തിക വിദഗ്ധനായ' സ്ഥാപന മേധാവിയെയുമാണ് ഇത് അനുസ്മരിപ്പിക്കുന്നത്. ഇത്തരം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയമവിശാരദന്മാരാവുകയോ സാംസ്കാരിക നായകത്വവും വിദ്യാസമ്പന്നതയും കൈമുതലാവുകയോ ഒന്നും ആവശ്യമില്ല. അങ്ങേയറ്റം അപരിഷ്കൃതരും സാംസ്കാരിക വിജ്ഞാനത്തില്‍ ഏറെ പിന്നിലുമായിരുന്ന അജ്ഞാന കാലത്തെ കാട്ടറബികള്‍ (പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ്) ഈ ആശയം വിളിച്ചു പറയുകയും പ്രയോഗവല്‍ക്കരിക്കുകയും ചെയ്തിരുന്നു. ആ സമൂഹത്തെ സമുദ്ധരിച്ചുകൊണ്ട് ദൈവികമായ നിര്‍ദേശങ്ങള്‍ നല്‍കിയ പരിശുദ്ധ ക്വുര്‍ആന്‍ അന്നേ പറഞ്ഞതാണ് ദാരിദ്യ്രം ഭയന്നുകൊണ്ട് നിങ്ങള്‍ സന്താനങ്ങളെ കൊല്ലരുതെന്ന്. "ദാരിദ്യ്ര‘ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു.''(17:31) പരിഷ്കൃത സമൂഹത്തിനും ആ അപരിഷ്കൃതരുടെ നിര്‍ദേശമാണോ നല്‍കാനുളളത്?
ഉല്‍പാദനക്ഷമത ഗുണനിലവാരമുളള എന്തിന്റെ കാര്യത്തിലും മനുഷ്യന്‍ ആഗ്രഹിക്കുന്നു. വീട്ടില്‍ വളര്‍ത്തുന്ന ഒരു കോഴിക്കുഞ്ഞിന്റെയോ നാല്‍ക്കാലിയുടെയോ വിലപോലും ഇവര്‍ മനുഷ്യക്കുഞ്ഞിന് നല്‍കുന്നില്ലെന്നോ?!
ജനങ്ങളധികരിച്ചാല്‍ പട്ടിണിയും ദാരിദ്യ്രവും കൂടുമെന്ന കണ്ടെത്തല്‍ ഉട്ടോപ്യന്‍ തിയറി മാത്രമാണ്. അനുഭവങ്ങളും ചരിത്രയാഥാര്‍ഥ്യങ്ങളും അതിനെ നിരാകരിക്കുകയാണ് ചെയ്യുന്നത്. 1990 കാലങ്ങളില്‍ 70 കോടിയില്‍ താഴെ മാത്രം ജനസംഖ്യയുണ്ടായിരുന്നപ്പോള്‍ നൂറ് കോടിയിലധികം ജനങ്ങളുള്ള ഇന്നത്തേതിനേക്കാള്‍ പട്ടിണിയും ദാരിദ്യ്രവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ജനങ്ങളധികരിക്കുന്നതല്ല ഫലപ്രദമായ ഉല്‍പാദനവും വിതരണവും നടക്കാത്തതാണ് ഭക്ഷ്യക്ഷാമത്തിനും പ്രതിസന്ധികള്‍ക്കുമുളള കാരണങ്ങള്‍. രണ്ട് കയ്യും രണ്ട് കാലും അത്ഭുതകരമായ ഒരു മസ്തിഷ്കവും തന്ന സ്രഷ്ടാവ് ഭക്ഷണം കഴിക്കാനും സംസാരിക്കാനും എല്ലാറ്റിനുമായി ഒരു വായയും ഒരു ആമാശയവും മാത്രമേ നല്‍കിയിട്ടുള്ളൂ എന്നിരിക്കെ പ്രതിസന്ധികളുടെ പ്രകൃതിവായനയും നടക്കേണ്ടതുണ്ട്.
ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ ഗര്‍ഭാവസ്ഥയില്‍ തന്നെ നശിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിര്‍ദേശങ്ങള്‍ സമര്‍പിക്കുമ്പോള്‍ ഇവര്‍ക്ക് മനുഷ്യാവകാശത്തിന്റെ പേരില്‍ വാതുറക്കാന്‍ എന്തവകാശമെന്ന് നിഷ്പക്ഷമായി ചിന്തിച്ചു പോവുകയാണ്? ജനിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടാന്‍ മാത്രം എന്ത് അപരാധമാണ് ആ കുഞ്ഞ് ചെയ്തത്? ഇല്ല, ഇതൊന്നും ഒരു പരിഷ്കൃത സമൂഹത്തിന്റെ സുചിന്തിത തീരുമാനങ്ങളോ അഭിപ്രായങ്ങളോ അല്ല.
നന്മയും ധാര്‍മികതയുമുള്ള ആളുകള്‍ അധികരിക്കുകയാണ് വേണ്ടത്. അവരും അവരുടെ നന്മനിറഞ്ഞ മക്കളും സമൂഹത്തിനും രാഷ്ട്രത്തിനും നന്മയും പുരോഗതിയും മാത്രമേ വരുത്തുകയുള്ളൂ. അതിനാണ് രാഷ്ട്ര നേതാക്കളും സാംസ്കാരിക നായകന്മാരും അടക്കം എല്ലാവരും ശ്രമിക്കേണ്ടത്്. അല്ലാതെ ആളുകളുടെ എണ്ണം കുറഞ്ഞതുകൊണ്ടായില്ല. കാരണം ഉള്ളവര്‍ നാശകാരികളാണെങ്കില്‍ ആപത്തുകള്‍ വിതക്കാന്‍ അവരുടെ എണ്ണക്കുറവ് പ്രശ്നമല്ലല്ലോ?
ഉയര്‍ന്ന് ചിന്തിക്കുക, ഉണര്‍ന്നു പ്രവര്‍ത്തിക്കുക ഇല്ലെങ്കില്‍ 10-20 വര്‍ഷങ്ങള്‍ക്കു ശേഷം പിന്‍തുടര്‍ച്ചക്കാര്‍ നഷ്ടപ്പെട്ട അവശതകളുടെ ഭാണ്ഡങ്ങള്‍ പേറുന്ന വൃദ്ധജനങ്ങളുടെ ഒരു അവഗണിക്കപ്പെട്ട നാടായി മാറും നമ്മുടെ സുന്ദരകേരളം. യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ പല പുരോഗമന നാടുകളിലും സന്താനോല്‍പാദനത്തിന് പ്രത്യേക പ്രോത്സാഹനങ്ങള്‍ നല്‍കുന്നുവെന്നതും ഒരു സമകാലിക യാഥാര്‍ഥ്യം.