2011 നവംബര്‍ | പുസ്തകം 8 | ലക്കം 5 | 1432 ദുല്‍ഹിജ്ജ
 

മുഹമ്മദ് നബി(സ്വ)യുടെ വ്യക്തിത്വവും സ്വഭാവമര്യാദകളും

നിഫില്‍ നാസര്‍ കായംകുളം
ലേഖനം
അവിടുത്തെ ശത്രുവായി കണ്ടവര്‍ക്കുപോലും പ്രവാചകന്റെല സ്വഭാവത്തില്‍ യാതൊരു എതിരഭിപ്രായമില്ലായിരുന്നു. മുഹമ്മദ് നബി(സ്വ)യുടെ വ്യക്തിത്വത്തെക്കുറിച്ച് പ്രപഞ്ചനാഥന്‍ തന്നെ പരിശുദ്ധ ക്വുര്‍ആനിലൂടെ പറഞ്ഞു.
"നബിയേ താങ്കള്‍ ഏറ്റവും നല്ല സ്വഭാവത്തിനുടമയാകുന്നു''(4: 68). "സല്‍സ്വഭാവത്തിന്റെ പൂര്‍ത്തീകരണത്തിനുവേണ്ടിയാണ് താന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്നാണ് നബി(സ്വ) പറഞ്ഞത്''. സംസാരത്തിലും സംസര്‍ഗത്തിലും അതീവ ശ്രേഷ്ഠത പുലര്‍ത്തിയിരുന്നു നബി(സ്വ). സ്ഫുടവും താനുദ്ദേശിച്ച ആശയം ആര്‍ക്കും പെട്ടെന്ന് മനസ്സിലാക്കാവുന്ന ശൈലിയിലുമായിരുന്നു അവിടുത്തെ സംസാരം. മനസ്സിലുള്ള ഒരാശയം അനായാസം പ്രകടിക്കാവുന്നവിധം ഭാഷാജ്ഞാനം നബി(സ്വ)ക്ക് നല്‍കപ്പെട്ടിരുന്നു. അര്‍ഥസംപുഷ്ടമായ വാക്കുകളാണവിടുന്ന് ഉപയോഗിക്കുക. നിരര്‍ഥകമോ നാനാര്‍ഥസൂചകമോ ആയ വാക്കുകള്‍ അവിടുന്ന് സംസാരത്തില്‍ ഉപയോഗിക്കാറുണ്ടായിരുന്നില്ല. ഭംഗിയായ അവിടുത്തെ സംസാരം ആരെയും ആകര്‍ഷിക്കുമായിരുന്നു. നബി(സ്വ)യുടെ ഇത്തരം കഴിവുകള്‍ക്ക് ദിവ്യസന്ദേശത്തിലൂടെ അല്ലാഹു കൂടുതല്‍ ശക്തിപകരുകയും ചെയ്തു.
മുഹമ്മദ് നബി(സ്വ) ഏതൊരു കാര്യവും ചെയ്യുമ്പോഴും അവിടുന്ന് അല്ലാഹുവിന്റെ പ്രീതി മാത്രമായിരുന്നു ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ അല്ലാഹുവിന്റെ പേരില്‍ സകല ജീവജാലങ്ങളെയും അവിടുന്ന് സ്നേഹിച്ചു. ലോകത്തെ സകല സൃഷ്ടികളോടും അവിടുന്ന് കാരുണ്യത്തോടെയായിരന്നു പെരുമാറിയിരുന്നത്. പ്രപഞ്ചനാഥന്‍ നബി(സ്വ)യെ പറ്റി പരിശുദ്ധ ക്വുര്‍ആനില്‍ പറഞ്ഞു. "ലോകര്‍ക്ക് മുഴുവന്‍ കാരുണ്യമായികൊണ്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല നബിയെ'' എന്നായിരുന്നു അല്ലാഹു പറഞ്ഞിരുന്നത്.
ഏതൊരു കാര്യത്തിലും വിവേകപൂര്‍ണമായിരുന്നു നബില(സ്വ)യുടെ സമീപനങ്ങളും ഇടപെടലുകളും. പ്രതികാരം ചെയ്യാനുള്ള ശക്തിയും കഴിവുമുണ്ടായിരിക്കെയാണ് മാപ്പ് ചെയ്യേണ്ടതാണ് എന്നും അപ്പോഴാണ് അതിന് മാപ്പ് എന്ന് പറയുക എന്നും അവിടുന്ന് പഠിപ്പിച്ചു. ആ തത്ത്വം വെറുതെ പറഞ്ഞുപോവുക എന്നതിലുപരി സ്വന്തം ജീവിതത്തിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. അതിന്റെ മകുടോദാഹരണമാണ് മക്കാ വിജയ ദിവസം ലോകം ദര്‍ശിച്ചത്. ഏത് വിവേകിയില്‍നിന്നും എപ്പോഴെങ്കിലും ഒരു പാളിച്ചയുണ്ടാകാം. എന്നാല്‍ അത്യധികമായ ദ്രോഹങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഉപദ്രവങ്ങള്‍ക്കും വിധേയനായിട്ടും ഒരിക്കലെങ്കിലും നബി(സ്വ)യില്‍നിന്ന് ഒരു അവിവേകം വന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആഇശ ഒരിക്കല്‍ പറയുകയുണ്ടായി. "രണ്ട് കാര്യങ്ങളില്‍ ഒന്ന് തെരഞ്ഞെടുക്കേണ്ടിവരുമ്പോള്‍ ഏറ്റവും എളുപ്പമുള്ളതേ അവിടുന്ന് തെരഞ്ഞെടുക്കൂ. അത് കുറ്റകരമല്ലെങ്കില്‍ മാത്രം. കുറ്റകരമാണെങ്കില്‍ അതില്‍നിന്ന് ഏറ്റവും അകന്നുനില്‍ക്കുന്നയാള്‍ അവിടുന്നായിരിക്കുകയും ചെയ്യും. സ്വന്തത്തിനുവണ്ടി അവിടുന്ന് ഒരിക്കലും പ്രതികാരം ചെയ്തിട്ടില്ല. അല്ലാഹുവിന്റെ മഹത്വത്തെ കളങ്കപ്പെടുത്തുമ്പോള്‍ ബഹുമാന്യതയെ ഹനിക്കുമ്പോള്‍ അതിന്നായിരുന്നു അവിടുത്തെ പ്രതികാരം. കോപത്തോട് വളരെ അകന്നുനില്‍ക്കുന്നവനായിരുന്നു നബി(സ്വ). സ്വന്തം കാര്യത്തിനുവേണ്ടി അവിടുന്ന് ഒരിക്കലും കോപിച്ചിട്ടില്ല. എപ്പോഴും ഉള്ളതുകൊണ്ട് തൃപ്തിപ്പെടുമായിരുന്നു.
മഹാമനസ്കതയുടെയും ഔദാര്യത്തിന്റെയും ഉടമയായിരുന്ന അവിടുന്ന് ദരിദ്രനായിട്ടും ദാരിദ്യ്രത്തെ ഒരിക്കലും ഭയപ്പെടാതെ ചെലവഴിക്കുമായിരുന്നു. ഇബ്നു അബ്ബാസ് പറയുന്നു:നബി(സ്വ) ജനങ്ങളില്‍ ഏറ്റവും ഉദാരനായിരുന്നു. റമദാനില്‍ ജിബ്രീലുൌമായി കണ്ടുമുട്ടുമ്പോള്‍ പ്രത്യേകിച്ചും റമദാന്റെ എല്ലാ രാത്രികളിലും ജിബ്രീല്‍ൌ തിരുമേനിയുമായി സന്ധിക്കുമായിരുന്നു.
നബി(സ്വ)യോട് ആരെങ്കിലും വല്ലതും ചോദിച്ചിട്ട് ഒരിക്കലെങ്കിലും അവിടുന്ന് 'ഇല്ല'എന്ന് മറുപടി പറഞ്ഞിട്ടില്ല എന്ന് ജാബിര്‍പേറയുന്നു.
അതിധീരനായിരുന്നു നബി(സ്വ). ഏത് പ്രതിസന്ധിയെയും വിഷമഘട്ടങ്ങളെയും നിര്‍ഭയം നേരിടുമായിരുന്നു. ധീരന്‍മാരായ യോദ്ധാക്കള്‍ പതറിപ്പോകുന്നിടത്തുപോലും നബി(സ്വ) സധൈര്യം ഉറച്ചുനില്‍ക്കുമായിരുന്നു. പിന്‍മാറാതെ മുന്നിടുമായിരുന്നു. ആപല്‍ഘട്ടങ്ങളില്‍ അവിടുന്ന് അസാമാന്യ ധീരത പ്രകടിപ്പിക്കുമായിരുന്നു.
"അനസ് പറയുന്നു: ഒരു രാത്രി മദീനക്കാര്‍ ഒന്നടങ്കം ഒരു ശബ്ദം കേള്‍ക്കുകയുണ്ടായി. ആളുകള്‍ ഭയത്തോടെ ശബ്ദം കേട്ട സ്ഥലത്തേക്ക് പുറപ്പെട്ടു. അപ്പോഴതാ തിരുമേനി(സ്വ) അവിടെനിന്ന് മടങ്ങിവരുന്നു. എല്ലാവരെക്കാളും മുമ്പേ അവടുന്ന് അവിടെ എത്തിയിരുന്നു. അബൂത്വല്‍ഹയുടെ കുതിരപ്പുറത്തായിരുന്നു അവിടുന്ന് സഞ്ചരിച്ചത്. കഴുത്തില്‍ ഒരു വാള്‍ തൂക്കിയിട്ടുണ്ടായിരുന്നു. അവിടുന്നവരോട് പറഞ്ഞു: പേടിക്കേണ്ട! പേടിക്കേണ്ട!
നബി(സ്വ) അങ്ങേയറ്റത്തെ ലജ്ജാശീലനായിരുന്നു. അബൂ സഇദില്‍ ഖുദ്രിപേറയുന്നു: അറയിലിരിക്കുന്ന തരുണിമണിയേക്കാള്‍ ലജ്ജാശീലനായിരുന്നു നബി(സ്വ). ഏതെങ്കിലും കാര്യത്തോട് മനസ്സില്‍ വെറുപ്പ് തോന്നിയാല്‍ അക്കാര്യം അവിടുത്തെ മുഖത്തറിയാമായിരുന്നു. ഒരാളുടെ മുഖത്തും അവിടുന്ന് തറപ്പിച്ച് നോക്കുമായിരുന്നില്ല. അവിടുന്ന് കണ്ണ് താഴ്ത്തുകയാണ് പതിവ്. മുകളിലേതിലും കൂടുതല്‍ തിരുമേനിയുടെ ദൃഷ്ടി നിലത്തേക്കായിരിക്കും. അത്രക്കും വിനയമുള്ള വ്യക്തിയായിരുന്നു നബി(സ്വ).
ഏറ്റവും നീതിമാനായിരുന്നു നബി(സ്വ). ഏറ്റവുമധികം മാപ്പ് നല്‍കുന്ന വ്യക്തിയായിരുന്നു. ഏറ്റവും സത്യസന്ധനും ഏറ്റവും വിശ്വസ്തനുമായിരുന്നു. നബി(സ്വ)യുമായി ഇടപെടുന്ന ആര്‍ക്കും-ശത്രുക്കള്‍ക്കുപോലും അത് ബോധ്യമായിരുന്നു.
ഒരു ശത്രുവും നബി(സ്വ)യെ കളവാക്കിയിട്ടില്ല. അവിടുത്തെ വ്യക്തിത്വത്തെ മോശമാക്കി ചിത്രീകരിച്ചിട്ടില്ല.
അലിയിേല്‍നിന്ന് ഉദ്ദരിക്കുന്നു. അബൂജഹല്‍ ഒരിക്കല്‍ നബി(സ്വ)യോട് പറഞ്ഞു: "ഞങ്ങള്‍ നിന്നെ കള്ളനാക്കുന്നില്ല. നീ കൊണ്ടുവന്നതിനെയാണ് ഞങ്ങള്‍ കളവാക്കുന്നത് (തിര്‍മുദി). ഈ വിഷയത്തില്‍തന്നെ വിശുദ്ധ ക്വുര്‍ആനില്‍ വചനമിറങ്ങുകയുണ്ടായി. "തീര്‍ച്ചയായും അവര്‍ നിന്നെ കളവാക്കുന്നില്ല. എന്നാല്‍ അക്രമികള്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തത്തെയാണ് കളവാക്കുന്നത്.''
ഒരിക്കല്‍ ഫിര്‍ഖല്‍ രാജാവിന്റെ കൊട്ടാരത്തില്‍ വെച്ച് അബൂസുഫ്യാനോട് (അന്ന് അദ്ദേഹം മുസ്ലിമായിരുന്നില്ല) നബ(സ്വ)യെപ്പറ്റി ചോദിച്ചപ്പോള്‍ മുഹമ്മദ് സത്യസന്ധനായിരുന്നു എന്നായിരുന്നു അബുസുഫ്യാന്റെ മറുപടി.
അഹങ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത വിനയാന്വിതനായിരുന്നു നബി(സ്വ). രാജാക്കന്മാര്‍ക്കുവേണ്ടി മറ്റുള്ളവര്‍ എഴുന്നേറ്റ് നില്‍ക്കുമ്പോലെ തനിക്കുവേണ്ടി മറ്റുള്ളവര്‍ എഴുന്നേല്‍ക്കുന്നത് നബി(സ്വ)ക്ക് ഇഷ്ടമായിരുന്നില്ല. അങ്ങനെ ചെയ്യുന്നതിനെ അവിടുന്ന് വിലക്കുകയും ചെയ്തിരുന്നു. സാധുക്കളെയും പാവങ്ങളെയും നബി(സ്വ) എല്ലാ കാര്യത്തിലും കൂടുതല്‍ പരിഗണിക്കുമായിരുന്നു.
സാധുക്കളുടെകൂടെ ഇരിക്കുക. രോഗസന്ദര്‍ശനം നടത്തുക, അവരുടെ ക്ഷണം സ്വീകരിക്കുക, അങ്ങനെ സാധാരണക്കരില്‍ ഒരാളായിട്ടായിരുന്നു മുഹമ്മദ് നബി(സ്വ) ജീവിച്ചത്. ആഇശ പറയുന്നു:നബി(സ്വ) തന്റെ ചെരുപ്പ് നന്നാക്കുകയും വസ്ത്രം തുന്നുകയും അലക്കുകയും വീട്ടുജോലികള്‍ ചെയ്യുകയും ആടിനെ കറക്കുകയും മറ്റ് സ്വന്തം ആവശ്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുമായിരുന്നു. നോക്കുക ഒരു രാജ്യത്തിന്റെ ഭരണാധികാരിയായിട്ടും പ്രവാചകന്റെ സാധാരണ ജീവിതം എത്ര ലാളിത്യവും വിനയത്വവുമായിരുന്നു.
കരാര്‍പാലനം, കുടുംബബന്ധം ചേര്‍ക്കല്‍ എന്നീ കാര്യങ്ങളില്‍ അവിടുന്ന് അതീവ നിഷ്ഠ പുലര്‍ത്തിയിരുന്നു. അവിടുന്ന് ആരോടും ശണ്ഠകൂടുമായിരുന്നില്ല. "അവിടുന്ന് പഠിപ്പിച്ചത് തിന്മയെ നന്മകൊണ്ട് നേരിടുക എന്നതായിരുന്നു. അങ്ങനെ ചെയ്്താല്‍ നിന്റെ ശത്രു മിത്രമായി മാറും''
ഏത് കാര്യത്തിലും വളരെയധികം ലാളിത്യം നബി(സ്വ) കാണിച്ചിരുന്നു. മുന്തിയ വസ്ത്രം അവിടുന്ന് ധരിക്കുമായിരുന്നില്ല. ഭക്ഷണത്തിലും അങ്ങനെതന്നെയായിരുന്നു. എല്ലാവരോടും നല്ലനിലയില്‍ അവിടുന്ന് പെരുമാറി. തന്റെ ദൃത്യന്‍മാരെ അവിടുന്ന് ഒരിക്കലും വഴക്ക് പറയുകയുണ്ടായിട്ടില്ല. ഇവയെല്ലാം തന്നെ ഭൌതിക കാര്യങ്ങളിലായിരുന്നു. മതശാസനകളില്‍ നബി(സ്വ) വളരെ കണിശക്കാരനായിരുന്നു.
ദരിദ്രന്‍ ആണെന്ന കാരണത്താല്‍ ഒരാളെയും അവിടുന്ന് താഴ്ത്തികണ്ടില്ല. തന്റെ അനുചരന്‍മാരുടെ കൂടെ എല്ലാ ജോലികളും അവിടുന്ന് ചെയ്യുമായിരുന്നു. ഹന്‍തക്ക് യുദ്ധത്തില്‍ കിടങ്ങ് കുഴിക്കുമ്പോള്‍ അവിടുന്നും കിടങ്ങ് കുഴിച്ചു. എന്തെങ്കിലും ഒരു കല്‍പന പുറപ്പെടുവിച്ച് അത് തന്റെ അനുചരന്‍മാരെകൊണ്ട് ചെയ്യിപ്പിച്ച് അത് മാറിനിന്ന് കാണുന്ന് വ്യക്തിയായിരുന്നില്ല മഹാനായ മുഹമ്മദ് നബി(സ്വ).
കിടങ്ങ് കുഴിക്കുന്ന സമയത്ത് വിശന്ന് വലഞ്ഞ് വയറ്റത്ത് കല്ല് വെച്ചുകെട്ടി പണിയെടുക്കുകയായിരുന്ന അനുചരന്‍മാര്‍ പ്രവാചകനോട്(സ്വ) തങ്ങള്‍ക്ക് വിശക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ പ്രവാചകന്‍(സ്വ) തന്റെ വയറ്റത്ത് രണ്ട് കല്ല് വെച്ച് കെട്ടിയതായാണ് കാണാന്‍ കഴിഞ്ഞത്.
"ഒരിക്കല്‍ ഒരു യാത്രയില്‍ തിരുമേനി(സ്വ) ഒരു ആടിനെ അറുക്കാന്‍ കല്‍പിച്ചു. കൂടെയുള്ള ഒരാള്‍ പറഞ്ഞു. ഞാന്‍ അറുക്കാം. മറ്റൊരാള്‍ പറഞ്ഞു ഞാന്‍ തോല്‍ പൊളിക്കാം. വേറൊരാള്‍ പറഞ്ഞു ഞാന്‍ പാകം ചെയ്യാം. റസൂല്‍(സ്വ) പറഞ്ഞു. ഞാന്‍ വിറക് ശേഖരിക്കാം. സഹയാത്രികര്‍ പറഞ്ഞു: അങ്ങയ്ക്കുവേണ്ടി ഞങ്ങള്‍തന്നെ ചെയ്തുകൊള്ളാം. നബി(സ്വ) പറഞ്ഞഉ: നിങ്ങള്‍ ചെയ്യുമെന്ന് എനിക്കറിയാം. എന്നാല്‍ ഞാന്‍ നിങ്ങളുടെ കൂട്ടത്തില്‍ ഒരു പ്രത്യേകക്കാരനാകുന്നത് എനിക്ക് ഇഷ്ടമല്ല. കാരണം തന്റെ ഒരു അടിമ തന്റെ അനുയായികള്‍ക്കിടയില്‍ തന്നെ പ്രത്യേകക്കാരനായി കാണുന്ന്ത അല്ലാഹു ഇഷ്ടപ്പെടുന്നില്ല. അങ്ങനെ അവിടുന്നെഴുന്നേറ്റുപോയി വിറക് ശേഖരിച്ചുവന്നു''
ഹിന്ദ് ബിന്ത് അബീ ഹാലത് പറയുന്നു: റസൂല്‍(സ്വ) നിരന്തരമായി ദുഖങ്ങള്‍ സഹിച്ചു. അവിടുത്തേക്കെപ്പോഴും മനോവിഷമമായിരുന്നു. അവിടുന്ന് വിശ്രമം അനുഭവിച്ചിരുന്നില്ല. ദീര്‍ഘനേരം മൌനത്തിലായിരിക്കും. സംസാരം അര്‍ഥപൂര്‍ണമായിരിക്കും. വ്യക്തവും ലളിതവുമായ ഭാഷണം. ശേഷിപ്പോ കുറവോ ഉണ്ടാകില്ല. വരണ്ടതോ നിസാരമോ ആകില്ല. അനുഗ്രഹത്തെ അതെത്ര നിസ്സാരമായിരുന്നാലും അതിനെ മഹത്വപ്പെടുത്തും. അവിടുന്ന് ഒരാക്ഷേപകനോ സ്തുതിപാഠകനോ ആയിരുന്നില്ല. ഭക്ഷണത്തെ അവിടുന്ന് ഒരിക്കലും കുറ്റം പറഞ്ഞിരുന്നില്ല. സത്യമായ കാര്യത്തെ സകലനിലക്കും സഹായിക്കും. സ്വന്തം കാര്യത്തിന് കോപിക്കാറില്ല. ചൂണ്ടുമ്പോള്‍ കൈപടം മുഴുവന്‍ ചൂണ്ടും. അത്ഭുതം പ്രകടിപ്പിക്കുമ്പോള്‍ കൈപ്പടം മറിക്കും. ആരെങ്കിലും കോപിച്ചാല്‍ അവിടെനിന്ന് തിരിഞ്ഞുപോകും. സന്തോഷം വന്നാല്‍ കണ്ണ് ചിമ്മും. ചിരിച്ചാല്‍ അത് പുഞ്ചിരിയായി വിടരും.
ആവശ്യമില്ലാത്തതില്‍ ഒരിക്കലും ഇടപെട്ട് സംസാരിക്കുകയില്ല. അനുയായികളെ ഇണക്കും. വേര്‍പെടുത്തുകയില്ല. ഏത് ജനതയിലേയും ആദരണീയരെ ആദരിക്കും. അങ്ങനെയുള്ളവരെ ജനങ്ങളുടെ കാര്യങ്ങള്‍ ഏല്‍പിക്കും. അനുയായികളുടെ കാര്യങ്ങള്‍ അന്വേഷിക്കും. ജനങ്ങളുടെ കാര്യങ്ങളെക്കുറിച്ച് ജനങ്ങളോട് തന്നെ ചോദിച്ച് അറിയും. നന്മയെ നന്മയായി കാണുകയും അതിനെ ശരിവെക്കുകയും ചെയ്യും. ചീത്തയെ ചീത്തയായി കാണുകയും അതിനെ നിന്ദിക്കുകയും ചെയ്യും.
അനുയായികളുടെ കൂടെ ഇരിക്കുമ്പോള്‍ ഒരു പ്രത്യേക സ്ഥലം അവിടുന്ന് സ്വന്തമാക്കിയിരുന്നില്ല. എപ്പോഴും അവിടുന്ന് ഒരു സ്ഥലത്ത് തന്നെ ഇരിക്കുമായിരുന്നില്ല. കൂടെയിരിക്കുന്നവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കും. സന്തോഷവും സ്വഭാവമഹിമയും ജനങ്ങള്‍ക്കവിടുന്ന് വേണ്ടുവോളം നല്‍കി. അവര്‍ക്കവിടുന്ന് ഒരു പിതാവായി. നബി(സ്വ)യോടടുത്തവരായി എല്ലാവരും.
നബി(സ്വ)യുടെ സദസ്സ് വിവേകത്തിന്റെയും വിജ്ഞാനത്തിന്റെയും ലജ്ജയുടെയും ക്ഷമയുടെയും വിശ്വസ്തതയുടെയും കാരുണ്യത്തിന്റെയും സദസായിരുന്നു. ശബ്ദം ഉയരാറില്ല. മാന്യത ഹനിക്കപ്പെടാറില്ല. ശ്രേഷ്ഠത ചോദ്യം ചെയ്യപ്പെടാറില്ല. പ്രായത്തില്‍ വലിയവരെ ബഹുമാനിക്കും. ചെറിയവരെ സ്നേഹിക്കും. ആവശ്യക്കാരെ സഹായിക്കും. അപരിചിതരെ കൂടെയിണക്കും.
നബി(സ്വ) സദാ പ്രസന്നവദനനായിരുന്നു. വിനയത്തോടെയുള്ള പെരുമാറ്റം. ലാളിത്യം, പരുഷത ഒട്ടുമില്ല. പരുക്കനുമായിരുന്നില്ല. മ്ളേച്ചത സംസാരിക്കില്ല. ലോകമാന്യതക്കുവേണ്ടി ഒന്നും ചെയ്യില്ല. ആരെയും അപമാനിക്കുകയോ ആരുടെ ഔമ്യത അന്വേഷിക്കുകയോ ചെയ്യാറില്ല.
മഹത്തായ എല്ലാ സ്വഭാവത്തിന്റെയും ഉറവിടമായിരുന്നു മുഹമ്മദ് നബി(സ്വ). തന്റെ എല്ലാ സ്വഭാവങ്ങളും അതിന്റെ പൂര്‍ണതയോടെ നബി(സ്വ)യില്‍ വിളങ്ങി. സാംസ്കാരികമായി അവിടുന്ന് ഉന്നതനായിരുന്നു. ഇവയെല്ലാം നബി(സ്വ)ക്ക് അല്ലാഹു നല്‍കിയതായിരുന്നു. ഈ മഹനീയ സ്വഭാവമായിരുന്നു ജനങ്ങളെ നബി(സ്വ)യിലേക്ക് അടുപ്പിച്ചത്. ഈ കാര്യം പരിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു പറയുന്നു: "താങ്കള്‍ ഒരു പരുഷസ്വഭാവിയും കഠിന മനസ്കനുമായിരുന്നെങ്കില്‍ അവര്‍ താങ്കളുടെ ചുറ്റില്‍നിന്നും അകന്നുപോകുമായിരുന്നു'' പക്ഷെ, അവര്‍ നബിയോടടുക്കുകയായിരുന്നു ചെയ്തത്. ആദ്യം ചിലര്‍ വിമര്‍ശിച്ചെങ്കിലും പിന്നീട് അവര്‍ക്കും നബി(സ്വ) പ്രിയങ്കരനായി. ആദരണീയനായ കുടുംബനാഥന്‍, സ്നേഹസമ്പന്നനായ പിതാവ്, പൌത്രന്‍മാരെ താലോലിക്കുന്ന പിതാമഹന്‍, അനുയായികള്‍ക്ക് പ്രിയങ്കരന്‍, ലോകര്‍ക്കാകമാനം വഴികാട്ടി, ഗുരുനാഥന്‍, സുവിശേഷകന്‍, മുന്നറിയിപ്പുകാരന്‍ അങ്ങനെ എല്ലാ അര്‍ഥത്തിലും മാന്യതയുള്ള ലോക ചരിത്രത്തിലെ ഒരേയൊരു വ്യക്തിത്വം. ഈ മഹത് വ്യക്തിത്വത്തെ മുന്‍ധാരണയില്ലാതെ പഠിച്ചവര്‍ക്കെല്ലാം ഈ മഹാനായ പ്രവാചകന്‍(സ്വ) പ്രിയങ്കരനായിരുന്നു. അതാണ് ലാ മാര്‍ട്ടിന്‍ പറഞ്ഞത്: മനുഷ്യനെ അളക്കാവുന്ന എല്ലാ മാനദണ്ഡങ്ങള്‍ വെച്ച് അളന്നാലും നമ്മള്‍ക്ക് ചോദിക്കാം മുഹമ്മദിനേക്കാള്‍ മഹാനായ വ്യക്തിത്വം ലോകത്ത് മറ്റാരെങ്കിലും ഉണ്ടോ എന്ന്. അതെ പ്രവാചകനെ അറിയുക വസ്തുനിഷ്ഠമായി ഈ മഹത് ജീവിതത്തെ പഠിക്കുക. എങ്കില്‍ ബോധ്യമാകൂം ഈ മഹത് വ്യക്തിയെ വിമര്‍ശിക്കേണ്ട ആളോണോ? അല്ല പിന്‍പറ്റേണ്ട ആള്‍ എന്നോ? സത്യം മനസ്സിലാക്കാനും മഹാനായ പ്രവാചകന്‍ല പിന്‍പറ്റി ജീവിക്കാനും പ്രപഞ്ചനാഥന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ....!
താങ്കളുടെ പ്രതികരണം രേഖപ്പെടുത്തുക
പ്രതികരണം ഒന്നും ഇല്ല
മുഹമ്മദ് നബി(സ്വ)യുടെ വ്യക്തിത്വവും സ്വഭാവമര്യാദകളും - യെക്കുറിച്ച് താങ്കളുടെ പ്രതികരണം താഴെ രേഘപ്പെടുത്തുക

പേര്:

പ്രതികരണം : (പരമാവധി 5000 അക്ഷരങ്ങള്‍ മാത്രം)

മലയാളം (Type in MANGLISH for Malayalam. ഉദാഹരണത്തിന് "സ്ത്രീ" എന്ന് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ "sthree" എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ബാര്‍ അമര്‍ത്തുക. To type in English, deselect the checkbox or press ctrl+g)

 
വിവിധ ലക്കങ്ങളില്‍ വന്ന "ലേഖനം" വായിക്കുക