2011 നവംബര്‍ | പുസ്തകം 8 | ലക്കം 5 | 1432 ദുല്‍ഹിജ്ജ
 

മുഹമ്മദ് നബി(സ്വ): മാനവതയുടെ വിമോചകന്‍

ജഅ്ഫര്‍ സി.ടി. എടയൂര്‍
ലേഖനം
നിരവധി വിമോചകരെയും വിമോചനദൌത്യങ്ങളെയും കുറിച്ച് നാം പലതവണ കേട്ടിട്ടുണ്ട്. എന്നാല്‍ വിമോചനത്തിന്റെ സാമ്പ്രദായിക സങ്കല്പങ്ങളില്‍നിന്ന് സത്തയിലും മൌലികതയിലും തികച്ചും ഭിന്നമാണ് പ്രവാചകപ്രഭു മുഹമ്മദ് മുസ്ത്വഫാ(സ്വ)യുടെ വിമോചന വിപ്ളവം. ഇസ്ലാമാണ് ആ വിമോചനത്തിന്റെ ഊര്‍ജസ്രോതസ്സ് എന്നതിനാല്‍ മറ്റേതൊരു വിമോചന സമരത്തെയും അത് കവച്ചുവെക്കുന്നു. മാനസികവും ശാരീരികവും സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ എല്ലാവിധ അടിമത്തങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍നിന്നും അക്രമങ്ങളില്‍ നിന്നുമുള്ള മോചനമായിരുന്നു പ്രവാചകന്റേത്. അജ്ഞതയും അന്ധവിശ്വാസവും മനുഷ്യാവകാശ ധ്വംസനങ്ങളും കാളിമ പരത്തിയ ലോകത്ത്നിന്ന്, ഓജസും തേജസും മുറ്റി നില്‍ക്കുന്ന, ക്ഷേമൈശ്വര്യങ്ങള്‍ കളിയാടുന്ന, ജീവിതത്തിന്റെ യഥാര്‍ഥ ലക്ഷ്യം തിരിച്ചറിയുന്ന, സത്യവും നീതിയും പുലരുന്ന, സമത്വസുന്ദര ലോകത്തേക്ക് മാനവകുലത്തെ കൈപിടിച്ചാനയിക്കുക എന്ന മഹിതവും അതേസമയം ക്ളേശകരവുമായ പ്രവര്‍ത്തനമായിരുന്നു മുഹമ്മദ് നബി(സ്വ) എന്ന വിമോചകന്‍ നിര്‍വഹിച്ചത്.
മുഹമ്മദ് നബി (സ്വ)യെ കുറിച്ച് പൂര്‍വവേദങ്ങളില്‍ വന്ന പരാമര്‍ശത്തെ അന്വര്‍ഥമാക്കിയ വിമോചന സമരമായിരുന്നു പ്രവാചകന്റേത്. ക്വുആന്‍ അത് ഇങ്ങനെ ഉദ്ധരിക്കുന്നു: "തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്) അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍.'' (അല്‍അഅ്റാഫ്:157)
വിമോചനവും വിമോചകനും

വനിതാ വിമോചനം, രാഷ്ട്രീയ വിമോചനം തുടങ്ങി നിരവധി വിമോചന സമരങ്ങളെയും വിമോചകരെയും കുറിച്ച് നാം കേട്ടും കണ്ടും മനസ്സിലാക്കിയിട്ടുണ്ട്. മലയാളികള്‍ക്ക് സുപരിചിതമായ രണ്ട് വിമോചകരാണ് മാര്‍ക്സും ഗാന്ധിജിയും. ഹിംസയുടെയും അഹിംസയുടെയുമായ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ലോകത്തിന്റെ രണ്ട് ഭാഗത്ത് മാനവമോചനത്തിന് വേണ്ടി ശബ്ദിക്കുകയും ഒട്ടേറെ പ്രതീക്ഷകള്‍ ലോകത്തിന് നല്‍കുകയും ചെയ്തവരാണല്ലോ അവര്‍. എന്നിട്ടെന്തുണ്ടായി? ഇന്ത്യക്കാരന്റെ പ്രായോഗികജീവിതത്തില്‍ ഗാന്ധിജിക്ക് എന്തുമാത്രം സ്ഥാനവും സ്വാധീനവുണ്ടെന്ന് നമുക്കറിയാം. മാര്‍ക്സിന്റെ കാര്യവും വ്യത്യസ്തമല്ല.
ചുരുക്കത്തില്‍, ലോകം വിമോചകരായി കൊട്ടിഘോഷിക്കുന്നവര്‍ക്കൊന്നും മനുഷ്യന് യഥാര്‍ഥത്തില്‍ മോചനം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. എന്നതാണ് യാഥാര്‍ഥ്യം. അന്ധകാരങ്ങളില്‍നിന്ന് അന്ധകാരങ്ങളിലേക്കും ചങ്ങലകളില്‍നിന്ന് ചങ്ങലകളിലേക്കുമായിരുന്നു അവരുടെയെല്ലാം 'മോചനം.' ഇവിടെയാണ് മുഹമ്മദ് നബി (സ) എന്ന വിമോചകന്‍ വ്യതിരിക്തനാവുന്നത്. അദ്ദേഹം ലക്ഷ്യം വെച്ചതും യത്നിച്ചതും പ്രഥമവും പ്രധാനവുമായി മനുഷ്യന്റെ പാരത്രികജീവിതത്തിലെ മോക്ഷവും മോചനവുമായിരുന്നു.
മനുഷ്യന് 'മോചനം' വേണമെന്ന കാര്യത്തില്‍ എല്ലാവരും യോജിക്കുന്നു. 'എന്തില്‍ നിന്നുള്ള മോചനം' എന്ന കാര്യത്തില്‍ ഏകദേശ സമവായം ഉണ്ടായാലും 'എന്തിലേക്ക്' എന്നതില്‍ വിയോജിപ്പ് തുടരുന്നു. അതിനാല്‍ തന്നെ മോചനം മരീചികയായി അവശേഷിക്കുന്നു. 'എന്തിലേക്ക്?' എന്നത് ഒരു കൂട്ടം ചോദ്യങ്ങളിലൊന്നുമാത്രമാണ്. അഥവാ, എന്താണ് പ്രപഞ്ചം? ആരാണ് മനുഷ്യന്‍? എന്തിനാണ് ഭൂമിയിലെ ജീവിതം? എന്നീ ചോദ്യങ്ങള്‍ക്ക് മനുഷ്യന്‍ മൌലികമായി നല്‍കുന്ന ഉത്തരത്തെ ആശ്രയിച്ചിരിക്കുന്നു മോചനത്തിന്റെ സാക്ഷാത്കരണം. പ്രസ്തുത ഉത്തരം ലഭ്യമാകുന്നതോടെ മോചനത്തിന്റെയും മോചകന്റെയും നിര്‍വചനവും അനുക്തസിദ്ധമാവും.
മുഹമ്മദ് നബി(സ്വ)യുടെ വിമോചന സമരം

മനുഷ്യസമൂഹത്തിന്റെ സമഗ്രവും ശാശ്വതവുമായ മോചനമായിരുന്നു മുഹമ്മദ് നബി(സ്വ)യുടെ ലക്ഷ്യം. ചരിത്രത്തിലെപ്പോഴെങ്കിലും എവിടെയെങ്കിലും സാധിച്ചേക്കാവുന്ന സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയപരമോ ആയ ഒരു മോചനത്തെയും വിശുദ്ധക്വുര്‍ആന്‍ ഉദ്ദിഷ്ടമോചനമായി ഗണിക്കുന്നില്ല. തങ്ങളെ കഠിനമായി പീഡിപ്പിക്കുകയും തങ്ങളുടെ ആണ്‍മക്കളെ അറുകൊല ചെയ്യുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തിരുന്ന ഫറോവമാരില്‍നിന്ന് ഇസ്രാഈല്‍ വംശത്തെ രക്ഷപ്പെടുത്തിയ ശേഷവും 'നിന്റെ ജനതയെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ട് വരിക' (ഇബ്റാഹീം: 5) എന്ന് മൂസാനബി ൌയോട് അല്ലാഹു ആവശ്യപ്പെടുന്നതിന്റെ പൊരുള്‍ അതാണ്.
മുഹമ്മദ് നബി(സ്വ)യുടെ വിമോചനസമരത്തിന്റെ യഥാര്‍ഥ അടിത്തറയിലേക്ക് ഉപരിസൂചിത ക്വുര്‍ആന്‍ വചനം വെളിച്ചം വീശുന്നുണ്ട്. അതായത്, പ്രപഞ്ചവും അതിന്റെ ഉള്ളടക്കവും സ്വയം ഭൂവല്ല. പ്രപഞ്ചത്തെ സുവ്യവസ്ഥിതവും സുസംഘടിതവും സുഭദ്രവുമായി സംവിധാനിച്ച മനുഷ്യേതരമായ ഒരു മഹാശക്തിയുടെ ആസ്തിക്യത്തെ അതിലെ ഓരോ പ്രതിഭാസവും വിളിച്ചോതുന്നുണ്ട്. സ്വഭീഷ്ടപ്രകാരമല്ലാതെ ഭൂമിയിലേക്ക് വന്ന മനുഷ്യന്റെ പ്രാണന്‍ നിലനിര്‍ത്തുന്നത് ആ ശക്തിയാണ്. ഒരുനാള്‍-തനിക്ക് വേണമെങ്കിലും വേണ്ടെങ്കിലും-ഈ ജീവിതം ഉപേക്ഷിച്ചുപോകാന്‍ അവനെ നിര്‍ബന്ധിതനാക്കുന്നതും അതേ ശക്തിതന്നെ. ഹ്രസ്വമായ ജീവിതകാലയളവില്‍ ഒരു നിമിഷം പോലും സ്വന്തം പ്രാണനെ പിടിച്ചുനിര്‍ത്താന്‍ ശക്തിയില്ലാത്ത മനുഷ്യന് ജീവിക്കുന്ന കാലമത്രയും പ്രകൃതിശക്തികളെ ആശ്രയിക്കേണ്ടിവരുന്നു. അതിനാല്‍ ഏതൊരു മഹാശക്തിയാല്‍ സൃഷ്ടിക്കപ്പെടുകയും സംവിധാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുവോ, ഏതൊരാളുടെ വിഭവങ്ങള്‍ യഥേഷ്ടം അനുഭവിച്ചുകൊണ്ടിരിക്കുന്നുവോ അതിനോട് നന്ദി കാണിക്കേണ്ടതില്ലേ മനുഷ്യന്‍?
തനിക്ക് താന്‍ പോന്നവനാണെന്ന് അഹങ്കരിക്കാന്‍ മാത്രം ഉന്നതനോ, ഒന്നിനും കൊള്ളാത്തവനെന്ന് കരുതാന്‍മാത്രം അധമനോ അല്ല മനുഷ്യന്‍. വിശേഷബുദ്ധിയും ഇഛാശക്തിയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രവും നല്‍കപ്പെട്ടിട്ടുള്ള അവന്‍ കേവല ജഡമല്ല; ആത്മാവ് കൂടിയാണ്. ഇവ്വിധം സ്രഷ്ടാവ് മനുഷ്യനെ സംവിധാനിച്ചത് അവനെ ഭൂമിയില്‍ തന്റെ പ്രതിനിധിയായി നിശ്ചയിക്കാന്‍ വേണ്ടിയാണ്. ആരുടെ പ്രതിനിധിയാണോ അയാളെ അനുസരിക്കുക എന്നതാണ് പ്രതിനിധിയുടെ ധര്‍മം. തന്നെ പ്രതിനിധിയാക്കിവന്‍ നിശ്ചയിച്ചു തന്ന രീതിയില്‍ പ്രവര്‍ത്തിച്ചാലേ അവന്‍ പ്രതിഫലത്തിന് അര്‍ഹനാവുകയുള്ളൂ. ദൈവത്തിന്റെ പ്രതിനിധി എന്ന നിലക്ക് പരമോന്നതമായ ഒരു പദവിയാണ് ലോകത്ത് മനുഷ്യനുള്ളത്. അവനെ സംബന്ധിച്ചിടത്തോളം തന്നെ നിയോഗിച്ചവനല്ലാത്തവര്‍ക്ക് മുമ്പില്‍ തല കുനിക്കുന്നത് അപമാനകരവും അതേസമയം തന്നെ പ്രതിനിധിയായി നിശ്ചയിച്ചവന് മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുന്നത് അഭിമാനകരവുമായിരിക്കേണ്ടതുണ്ട്. ദൈവത്തിന്റെ പ്രതിനിധി എന്ന പദവിയിലിരിക്കുന്ന ഓരോ മനുഷ്യനും സ്വന്തം നിലക്ക് തന്നെ ഈ പദവിയുടെ ഉത്തരവാദിത്തങ്ങളെ കുറിച്ച് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. മരണത്തോടെ പ്രാതിനിധ്യപദവി വിനഷ്ടമാവുകയും പ്രാതിനിധ്യകാലത്തെ കര്‍മങ്ങള്‍ വിലയിരുത്തി അര്‍ഹമായ പ്രതിഫലം നല്‍കപ്പെടുകയും ചെയ്യും.
മനുഷ്യന്‍ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാകയാല്‍ അവന്റെ ജീവിതലക്ഷ്യം ദൈവപ്രീതി കരസ്ഥമാക്കലാകുന്നു. അത്യുന്നതമായ ഈ ലക്ഷ്യം ഒരാള്‍ തെരഞ്ഞെടുക്കുന്നതോടെ പ്രപഞ്ച സംവിധാനത്തിലെ മുഴുവന്‍ ഘടകങ്ങളും ആ ലക്ഷ്യത്തിലെത്താന്‍ അയാളോട് സഹകരിക്കും. ജീവിതത്തിന് കേന്ദ്രീകൃതമായ ഒരു വ്യവസ്ഥാപിതത്വവും ഭദ്രതയും കൈവരും. പാദാര്‍ഥികവും മാനസികവുമായ സര്‍വമാലിന്യങ്ങളില്‍ നിന്നും പരിശുദ്ധമായ ദൈവപ്രീതിയുടെ ലഭ്യതയും അലഭ്യതയും ഗുണദോഷങ്ങളുടെ മാനദണ്ഡമായിത്തീരും.
മുഹമ്മദ് നബി(സ്വ)യുടെ വിമോചന ദൌത്യവിജയത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കണമെങ്കില്‍ അദ്ദേഹത്തിന്റെ ആഗമനകാലത്തെ അറേബ്യന്‍ സാമൂഹിക ജീവിതത്തിന്റെ അവസ്ഥകള്‍ അപഗ്രഥിച്ചറിയേണ്ടതുണ്ട്. ലോകത്തിലെ ഇതര ഭാഗങ്ങളെപോലെ അറേബ്യന്‍ ഉപദ്വീപും അക്കാലത്ത് അജ്ഞതയിലും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധാര്‍മികതയിലും ആറാടി കഴിയുകയായിരുന്നു. വിശ്വാസവൈകല്യങ്ങള്‍ക്കും ആരാധനാവൈകൃതങ്ങള്‍ക്കും അടിപ്പെട്ട് മക്കാനിവാസികളുടെ ജീവിതത്തിലുടനീളം ജീര്‍ണത തളംകെട്ടി നിന്നിരുന്നു. സാമൂഹിക ഉച്ചനീചത്വത്തിന്റെ പരമകാഷ്ഠയിലെത്തിയ അവര്‍ അറിയപ്പെടുന്ന എല്ലാവിധ സാംസ്കാരികഹീനതകള്‍ക്കും സാമൂഹികതിന്മകള്‍ക്കും സാമ്പത്തിക കുറ്റങ്ങള്‍ക്കും പൂര്‍ണമായും അടിപ്പെട്ടിരുന്നു.
അത്യന്തം അധഃസ്ഥിതിവും അപമാനകരവുമായ ഈ അവസ്ഥയിലാണ് മുഹമ്മദ് നബി(സ്വ) അവരിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിതനായത്. മനുഷ്യസമൂഹത്തെ ഉപരിസൂചിതവും അല്ലാത്തതുമായ അന്ധകാരങ്ങളില്‍ നിന്ന് മോചിപ്പിച്ച് പ്രകാശത്തിലേക്ക് നയിക്കുക എന്നതായിരുന്നു തിരുമേനിയുടെ ദൌത്യം. അറേബ്യന്‍ സമൂഹത്തിന്റെ മുഴുവന്‍ ജീവിത മേഖലകളിലും സമൂലമായ പരിവര്‍ത്തനമുണ്ടാക്കി തികവുറ്റ ഒരു സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സൃഷ്ടികര്‍മം നിര്‍വഹിച്ച പ്രവാചകന്റെ ഇരുപത്തിമൂന്ന് വര്‍ഷത്തെ പോരാട്ടത്തെ പ്രധാനമായും രണ്ട് ഘട്ടമായി തിരിക്കാം. ഹിജ്റക്ക് മുമ്പ് മക്കയില്‍ ചെലവഴിച്ച പതിമൂന്ന് വര്‍ഷമാണ് ഒന്നാം ഘട്ടം. അതിനുശേഷം ഇഹലോകവാസം വെടിയുന്നതുവരെയുള്ള മദീനയിലെ ജീവിതമാണ് രണ്ടാം ഘട്ടം.
അറേബ്യന്‍ സമൂഹത്തെ ബഹുദൈവ സങ്കല്പങ്ങളില്‍ നിന്നും വിഗ്രഹാരാധനയില്‍ നിന്നും മോചിപ്പിച്ച് ഏകദൈവ വിശ്വാസത്തിലേക്കും പരലോകബോധത്തിലേക്കും നയിക്കാന്‍ നിരന്തര ശ്രമങ്ങള്‍ നടന്ന മക്കാ കാലഘട്ടത്തില്‍തന്നെ ജീവിതത്തിന്റെ ഇതര മേഖലകളിലെ അനിസ്ലാമിക രീതികളും തിന്മകളും അസമത്വങ്ങളും അടിച്ചമര്‍ത്തലുകളും മനുഷ്യാവകാശധ്വംസനങ്ങളും തുടച്ചുനീക്കാന്‍ പ്രവാചകന്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്നു. അല്ലാഹുവിന്റെ നിശ്ചയപ്രകാരം നബി(സ്വ) മുഴുവന്‍ ജീവിതമണ്ഡലങ്ങളുടെയും സംസ്കരണത്തിന് സജീവമായ ഊന്നല്‍ നല്‍കുകയുണ്ടായി.
വിശ്വാസവൈകല്യങ്ങളില്‍ നിന്നുള്ള മോചനം

പ്രകൃതിപ്രതിഭാസങ്ങള്‍, മരപ്രതിമകള്‍, ശിലാവിഗ്രങ്ങള്‍, നക്ഷത്രങ്ങള്‍, മലക്കുകള്‍ പോലുള്ളവയെ അവ ദൈവത്തിന്റെ അടുത്തവരും പങ്കാളികളുമാണെന്ന് ധരിച്ച് പൂജിക്കുകയും അല്ലാഹുവെ മാത്രം ആരാധിക്കാനായി നിര്‍മിക്കപ്പെട്ട ആദ്യദേവാലയമായ വിശുദ്ധ കഅ്ബയില്‍ വിഗ്രങ്ങള്‍ നിറക്കുകയും ചെയ്ത ആളുകള്‍ പ്രവാചകന്റെ ശിക്ഷണം ലഭിച്ചപ്പോള്‍ അല്ലാഹു മാത്രമാണ് ആരാധാനക്കര്‍ഹന്‍ എന്നും അവന്‍ ഏകനാണെന്നും അവനല്ലാതെ നേര്‍ച്ച-വഴിപാടുകളര്‍പിക്കാന്‍ പാടില്ല എന്നുമുള്ള ഏകദൈവത്വ സിദ്ധാന്തം പൂര്‍ണമായി അംഗീകരിച്ചു. മക്കയെ പ്രവാചകന്‍ ഇരുട്ടില്‍ നിന്ന് മോചിപ്പിച്ചപ്പോള്‍ സകല വിഗ്രഹങ്ങളെയും അവര്‍ തകര്‍ത്ത് തരിപ്പണമാക്കി.
അവശവിഭാഗങ്ങളുടെ മോചനം

സമൂഹത്തില്‍ കഷ്ടപ്പാടുകളും യാതനകളും അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയും പ്രവാചകന്‍ പോരാടി. മക്കയില്‍ ഇസ്ലാമിന്റെ അടിസ്ഥാനങ്ങള്‍ പഠിപ്പിക്കുന്നതിനിടയില്‍ അനാഥ-അഗതി സംരക്ഷണത്തിന് തിരുമേനി പ്രത്യേകം ഊന്നല്‍ നല്‍കിയിരുന്നു. "അല്ല, പക്ഷെ നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല. പാവപ്പെട്ടവന്റെ ആഹാരത്തിന് നിങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുമില്ല. അനന്തരാവകാശ സ്വത്ത് നിങ്ങള്‍ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു. ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്നേഹിക്കുകയും ചെയ്യുന്നു.''(അല്‍ഫജ്ര്‍:17-20)
"മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്. പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.''(അല്‍മാഊന്‍:1-3)
ദാരിദ്രവും കഷ്ടപ്പാടുകളും അനുഭവിക്കുന്നവരെ സഹായിക്കാന്‍ തിരുമേനി നിരന്തരം ആഹ്വാനം ചെയ്യുകയും അതിന്റെ പ്രതിഫലങ്ങളെ കുറിച്ച് വിവരിക്കുകയും ചെയ്യുമായിരുന്നു. അതുപോലെ, മറ്റു പലതരത്തിലും പീഡനങ്ങളും പ്രയാസങ്ങളും അനുഭവിച്ച് കഴിഞ്ഞിരുന്ന സ്ത്രീകളെയും പുരുഷന്‍മാരെയും കുട്ടികളെയും ആ ദുരിതപര്‍വത്തില്‍ നിന്ന് രക്ഷിക്കാനും പ്രവാചകന്‍ പരിശ്രമിച്ചു. (അന്നിസാഅ്: 75)
മര്‍ദിതരുടെയും പീഡിതരുടെയും മോചനത്തിനായുള്ള അധ്വാനപരിശ്രമങ്ങളെ നബി(സ്വ) വളരെയേറെ പ്രോത്സാഹിപ്പിച്ചിരുന്നു.
സാംസ്കാരികജീര്‍ണതകളില്‍ നിന്നുള്ള മോചനം

മദ്യവും മയക്കുമരുന്നും ഉണ്ടാക്കുന്ന കെടുതികള്‍ ഇന്ന് എല്ലാവര്‍ക്കും സുതരാം വ്യക്തമാണ്. അവ സൃഷ്ടിക്കുന്ന സാമൂഹ്യസംഘര്‍ഷങ്ങളും കുടുംബകലഹങ്ങളും സാമ്പത്തികതകര്‍ച്ചയും നാം നിരന്തരം കണ്ടും കേട്ടും മനസ്സിലാക്കിയിട്ടുള്ളതാണ്. ലഹരി പദാര്‍ഥങ്ങളുടെ പിടിയില്‍ നിന്ന് മാനവസമൂഹത്തെ മോചിപ്പിക്കാന്‍ തീവ്രശ്രമം നടത്തുന്ന നിരവധി സാമൂഹ്യസേവന സംരംഭങ്ങളും സാംസ്കാരിക സംഘടനകളുമുണ്ട്. മഹാത്മാഗാന്ധിയുള്‍പ്പെടെയുള്ള പല മഹാന്‍മാരും മദ്യനിരോധനത്തിന് മൌലികപ്രാധാന്യം കല്പിച്ചിരുന്നെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. ഇവിടെയാണ് പ്രവാചകന്റെ വിജയം നാം കാണുന്നത്. നബി(സ്വ)യുടെ കാലഘട്ടത്തിലെ അറബികള്‍ മദ്യത്തിന്റെ അടിമകളായിരുന്നു. ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ മദിരോത്സവങ്ങള്‍ നടത്തിയിരുന്ന അവരുടെ കലയിലും സാഹിത്യത്തിലും സദ്യയിലും സദസ്സിലുമെല്ലാം മദ്യം നിറഞ്ഞുനിന്നിരുന്നു. പിന്നീടവര്‍ പ്രവാചകന്റെ അനുയായികളായി മാറിയപ്പോള്‍ മദ്യപാനത്തെക്കുറിച്ചുള്ള പ്രവാചകന്റെ അധ്യാപനങ്ങള്‍ ശിരസ്സാവഹിക്കാന്‍ തയ്യാറായി. അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഘട്ടം ഘട്ടമായി നബി(സ്വ) സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തി ആ സമൂഹത്തെ വലിയൊരു വിപത്തില്‍ നിന്ന് മോചിപ്പിച്ചു. "(നബിയേ) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്. എന്തൊന്നാണവര്‍ ചെലവ് ചെയ്യേണ്ടതെന്നും അവര്‍ നിന്നോട് ചോദിക്കുന്നു. നീ പറയുക: (അത്യാവശ്യം കഴിച്ച്) മിച്ചമുള്ളത്. അങ്ങനെ ഇഹപര ജീവിതങ്ങളെപ്പറ്റി നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു.'' (അല്‍ബഖറ:219)
"സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ളേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്) വിരമിക്കുവാനൊരുക്കമുണ്ടോ?'' (അല്‍മാഇദ: 90,91)
പ്രവാചക കാലഘട്ടത്തിലും ഇന്നും സമൂഹത്തെ ഗ്രസിച്ച മറ്റൊരു കാന്‍സറാണ് ലൈംഗിക അരാജകത്വം, സ്വേഛാനുസൃതമായ ലൈംഗികവൃത്തി പാപമോ പതിതമോ ആയി ഗണിക്കാത്ത ഭൂരിപക്ഷ സമൂഹത്തില്‍ ലൈംഗിക ബന്ധം പവിത്രവും പരിപാവനവുമായിരിക്കണമെന്നും വ്യഭിചാരം അങ്ങേയറ്റം മ്ളേഛമായ കര്‍മമാണെന്നും വിവാഹമെന്ന ധാര്‍മിക ഉടമ്പടിയിലൂടെ മാത്രമേ സ്ത്രീ പുരുഷ ലൈംഗിക ബന്ധം പാടുള്ളുവെന്നും പ്രവാചകന്‍(സ്വ) ലോകത്തെ പഠിപ്പിച്ചു. (ബനു ഇസ്റാഈല്‍: 32)
പ്രവാചകനിയോഗകാലത്ത് വ്യഭിചാരം അറേബ്യന്‍ സാമൂഹ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. എന്നാല്‍ പ്രവാചകന്‍ അവിഹിത ബന്ധങ്ങള്‍ കര്‍ശനമായി വിലക്കുകയും വിവാഹത്തിന് വ്യക്തമായ രീതി നിര്‍ണയിക്കുകയും ചെയ്തതോടെ അവര്‍ പൂര്‍വികാചാരങ്ങളോട് വിടപറഞ്ഞു. നിര്‍ലജ്ജത നൃത്തമാടിയ അറേബ്യന്‍ സമൂഹത്തില്‍ മാറുമറക്കാതെ അര്‍ധ നഗ്നകളായിട്ടാണ് സ്ത്രീകള്‍ കഅ്ബ പ്രദക്ഷിണം ചെയ്തിരുന്നത്. എന്നാല്‍ പ്രവാചകന്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. സ്ത്രീ പുരുഷന്‍മാരുടെ വസ്ത്രധാരണത്തിന് കൃത്യമായ രൂപം അവിടുന്ന് നിര്‍ണയിച്ചു നല്‍കി. അങ്ങനെ മദ്യപാനം, ലൈംഗികരാചകത്വം, നിര്‍ലജ്ജത, അശ്ളീലത തുടങ്ങിയ സാംസ്കാരിക ജീര്‍ണതകളില്‍ നിന്ന് മാനവതയെ മോചിപ്പിക്കാന്‍ പ്രവാചകന് സാധിച്ചു.
അധാര്‍മികതയില്‍ നിന്നുള്ള മോചനം

കളവ്, വഞ്ചന, വാഗ്ദത്ത ലംഘനം, മോഷണം, ചൂഷണം, കൊള്ള, കൊല, ക്രൂരത, കാപട്യം, അക്രമം, അനീതി, അഴിമതി, പലിശ തുടങ്ങിയ അധാര്‍മികതകള്‍ക്കെതിരെ പ്രവാചകന്‍ പടപൊരുതി. അല്ലാഹു എല്ലാം കാണുന്നുണ്ടെന്നും അവന്‍ അധാര്‍മികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
"അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം. അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും. ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്. അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്?'' (മുതഫ്ഫിഫീന്‍:1-4)
മാര്‍ക്കറ്റിലൂടെ സഞ്ചരിച്ച് കൃത്രിമത്വം നടമാടുന്നില്ലെന്ന് തിരുമേനി ഉറപ്പുവരുത്തി, നനഞ്ഞ ധാന്യം ഉള്ളിലും ഉണങ്ങിയത് പുറത്തും വെച്ച് കച്ചവടം ചെയ്യുന്നതിനെ വിലക്കി, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് തുടങ്ങിയവ നിരോധിച്ചു. ന്യൂനതയുള്ള വസ്തുക്കള്‍ അത് വെളിപ്പെടുത്തിയേ വില്‍ക്കാവൂ എന്നതുള്‍പ്പെടെ കച്ചവടക്കാരും വാങ്ങുന്നവരും വഞ്ചിക്കാനും വഞ്ചിതരാവാനും സാധ്യതയുള്ള മാര്‍ഗങ്ങള്‍ കൊട്ടിയടച്ചു.
ഭൌതികവളര്‍ച്ചയും ജീവിതസൌകര്യങ്ങള്‍ക്കും വൈജ്ഞാനിക വികാസത്തിനും ശാസ്ത്രപുരോഗതിക്കുമൊന്നും തന്നെ മൌലികമായി മാറ്റാന്‍ സാധിച്ചിട്ടില്ല എന്ന സമകാലിക യാഥാര്‍ഥ്യം മുന്നില്‍ വെച്ച് നോക്കുമ്പോഴേ അധാര്‍മികതകള്‍ക്കെതിരെ പ്രവാചകന്‍ നേടിയ വിജയത്തിന്റെ തിളക്കം നമുക്ക് ബോധ്യമാവുകയുള്ളൂ. മേല്‍ പ്രസ്താവിച്ചതും അല്ലാത്തതുമായ അധാര്‍മികതകളില്‍ നിന്നും ഹീനവൃത്തികളില്‍ നിന്നുമെല്ലാം മാനവരാശിക്ക് മോചനം സാധ്യമാവണമെങ്കില്‍ അല്ലാഹുവിലും മരണാനന്തര ജീവിതത്തിലുമുള്ള വിശ്വാസവും പ്രവാചകാധ്യപനങ്ങളുടെ അനുധാവനവും കൂടിയേ തീരൂ.
ഉച്ചനീചത്വങ്ങളില്‍ നിന്നുള്ള മോചനം

വര്‍ഗം, വര്‍ണം, ജാതി, കുലം, ഗോത്രം, ദേശം, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ മനുഷ്യരെ പലതട്ടുകളായി വിഭജിക്കുന്നതിനെതിരെയും പ്രവാചകന്‍ സമരംചെയ്തു. ലോക പ്രശസ്തരായ പലരും മനുഷ്യര്‍ക്കിടയിലെ ഉച്ചനീചത്വങ്ങളുടെ വക്താക്കളായിരുന്നുവെന്ന് നാം മനസ്സിലാക്കണം. പ്ളാറ്റോ മൂന്ന് വര്‍ഗങ്ങളായി തരം തിരിച്ചു. സ്വര്‍ണം കൊണ്ട് സൃഷ്ടിക്കപ്പെട്ടവര്‍-അവരാണ് ഭരണാധികാരികള്‍, വെള്ളികൊണ്ട് സൃഷ്ടിക്കപ്പെട്ടവരാണ് രണ്ടാമത്തെ വിഭാഗം. കൈകാര്യ കര്‍ത്താക്കളും ഉദ്യോഗസ്ഥരുമാണ് അവര്‍. മൂന്നാമത്തെ വര്‍ഗം സാധാരണക്കാരാണ്-ഇരുമ്പുകൊണ്ട് സൃഷ്ടിക്കപ്പെട്ടവരാണവര്‍. അരിസ്റോട്ടില്‍ ജനങ്ങളെ യജമാനന്മാരും അടിമകളുമായാണ് തരംതിരിച്ചത്.
എന്നാല്‍ പ്രവാചകന്റെ അധ്യാപനമനുസരിച്ച്, എല്ലാവരും അല്ലാഹുവിന്റെ സൃഷ്ടികളാണ്, എല്ലാവരും ആദമിന്റെയും ഹവ്വയുടെയും മക്കളാണ്. "മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍.'' (അന്നിസാഅ്:1)
പ്രവാചകന്‍(സ്വ) പറഞ്ഞു: "അറബിക്ക് അനറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ ശ്രേഷ്ഠതയില്ല. തഖ്വയുടെ അടിസ്ഥാനത്തില്‍ മാത്രമേ ശ്രേഷ്ഠതയിലെ ഏറ്റക്കുറച്ചിലുള്ളൂ.'' (മുസ്ലിം) നബി(സ്വ) പറയുന്നു. "നിശ്ചയും നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളുടെയെല്ലാം പിതാവും ഒരാള്‍തന്നെ. എല്ലാവരും ആദമില്‍ നിന്നുള്ളവരാണ്. ആദമാകട്ടെ, മണ്ണില്‍നിന്നും.'' (മുസ്ലിം)
പ്രവാചകന്‍(സ്വ)പഠിപ്പിച്ച ആരാധനാകര്‍മങ്ങള്‍ ഉച്ചനീചത്വത്തിന്റെ അധമവികാരങ്ങളെ പൂര്‍ണമായും പിഴുതെറിയുന്നു. കറുത്തവരും വെളുത്തവരും ചെറിയവരും വലിയവരും പണക്കാരും പണിക്കാരും പണ്ഡിതന്മാരും പാമരന്മാരുമെല്ലാം നമസ്കാരത്തിനായി പള്ളിയില്‍ തോളോട് ചേര്‍ന്ന് അണിനിരക്കുന്നു. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നും കഅ്ബയുടെ ചാരത്ത് എത്തിച്ചേരുന്ന ഭിന്നഭാഷക്കാരും ഭിന്ന പ്രകൃതക്കാരും ഭരണാധികാരിയും ഭരണീയനുമെല്ലാം ഒരേ വേഷണിഞ്ഞ് ഒരേ മന്ത്രധ്വനികളുരുവിട്ട് ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നു.
ഒരു കാലഘട്ടത്തില്‍ അടിമകളായിരുന്ന സൈദിനും ബിലാലിനു(റ)മെല്ലാം ഉന്നതവും ആദരണീയവുമായ സ്ഥാനങ്ങളാണുണ്ടായിരുന്നത്. മക്കാവിമോചന നാളില്‍ കഅ്ബയുടെ മുകളില്‍ കയറി ബാങ്ക് വിളിക്കാന്‍ ഭാഗ്യം ലഭിച്ചത് ബിലാലിനായിരുന്നു. പ്രവാചകന്റെ ആഗമനത്തിന് മുമ്പ് അടിമകളായും അത്യധികം അവഗണിക്കപ്പെട്ടവരായും കഴിഞ്ഞിരുന്ന ആളുകള്‍ക്കും ഇസ്ലാം ആശ്ളേഷിച്ച ഖുറൈശി പ്രമുഖര്‍ക്കുമിടയില്‍ പ്രവാചകനോ അനുയായികളോ യാതൊരു വിധ വിവേചനവും കല്പിച്ചിരുന്നില്ല.
അസമത്വങ്ങളില്‍ നിന്നുള്ള മോചനം

നിയമങ്ങളില്‍ മുമ്പില്‍ സര്‍വരും സമന്മാരാണെന്നത് പ്രവാചകന്റെ അധ്യാപനമാണ്. പൌരാവകാശങ്ങളുടെ കാര്യത്തില്‍ പണക്കാരും പാവങ്ങളും കറുത്തവരും വെളുത്തവരും ഭരണാധികാരികളും ഭരണീയരുമെല്ലാം തുല്യരാണെന്നും അവിടുന്ന് പഠിപ്പിച്ചു. പണത്തിന്റെയോ പദവിയുടെയോ പേരിലുള്ള വിവേചനങ്ങള്‍ പാടില്ലെന്ന സന്ദേശവും അല്ലാഹു പ്രവാചകനിലൂടെ ലോകത്തിന് നല്‍കി. നബി(സ്വ) ഖുറൈശി പ്രമുഖരുമായി സംസാരിച്ചിരിക്കുന്നതിനിടയില്‍ അങ്ങോട്ട് കയറിവന്ന അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂമുമായി ബന്ധപ്പെട്ട വിഷയം സുവിദിതമാണല്ലോ.
നബി(സ്വ)ക്ക് ശേഷം ഇസ്ലാമികലോകത്തിന്റെ നായകന്മാരായ നാല് ഖലീഫമാരുടെ ചരിത്രത്തില്‍ ഈ അധ്യാപനത്തിന്റെ പ്രതിഫലനങ്ങള്‍ നമുക്ക് കാണാം. നാട്ടിലെ ദരിദ്രരായ സാധാരണ ജനങ്ങളെപ്പോലെയാണ് അവരും ജീവിച്ചിരുന്നത്. അധികാരം ലഭിച്ചശേഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ ലളിതമായ ജീവിതവും വിനീതമായ സമീപനവുമാണ് അവരെല്ലാം സ്വീകരിച്ചിരുന്നത്.
ഇസ്ലാമികമൂല്യങ്ങള്‍ മുറുകെ പിടിച്ച മുഴുവന്‍ ഭരണാധികാരികളുടെയും കാലത്ത് നാട്ടിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കുമിടയില്‍ സമ്പൂര്‍ണമായ സമത്വവും നീതിയും പാലിക്കപ്പെട്ടിരുന്നു. അമുസ്ലിം പൌരന്മാര്‍ക്കുപോലും അതൊന്നും നിഷേധിക്കപ്പെട്ടിരുന്നില്ല. ഭരണാധികാരികള്‍, ഭരണീയര്‍, നേതാക്കള്‍, അനുയായികള്‍, പണക്കാര്‍, പാവങ്ങള്‍, വെളുത്തവര്‍, കറുത്തവര്‍ എന്നിവര്‍ക്കിടയില്‍ പുലര്‍ത്തപ്പെട്ട സമത്വത്തിന്റെ അവിസ്മരണീയങ്ങളും സുന്ദരവുമായ നിരവധി അനുഭവങ്ങള്‍ ഇസ്ലാമികചരിത്രത്തിലുടനീളം നമുക്ക് കാണാം. അസമത്വത്തിനെതിരെ പ്രവാചകന്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമായിരുന്നു അത്.
സാതന്ത്യ്രം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിപ്പിടിച്ച ഫ്രഞ്ച് വിപ്ളവത്തിന് ശേഷവും ലോകത്ത് പണവും പദവിയുമാണ് പൂജിക്കപ്പെടുന്നത്. പണമില്ലാത്തവര്‍ എവിടെയും എന്നും പിണമാണ്. എന്നാല്‍ പ്രവാചകന്‍ പഠിപ്പിച്ച ആദര്‍ശവിശ്വാസങ്ങളും മൂല്യങ്ങളും മുറുകെപിടിക്കുന്ന സമൂഹത്തിന് സമ്പൂര്‍ണമായ സമത്വവും നീതിയും സ്ഥാപിക്കാന്‍ സാധിക്കും.
സ്ത്രീ വിമോചനം

നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെടുകയും ജീവിക്കാന്‍ പോലും അവകാശം നിഷേധിക്കപ്പെടുകയും ചെയ്ത സ്ത്രീകളുടെ വിമോചനമാണ് പ്രവാചകന്‍ നിര്‍വഹിച്ച മറ്റൊരു വിജയകരമായ ദൌത്യം. സ്ത്രീയെ ജംഗമസ്വത്തായി കാണുകയും അവര്‍ക്ക് അനന്തരസ്വത്തില്‍ വിഹിതം നല്‍കാതിരിക്കുകയും പിറന്നാലുടനെ കൊന്നുകളയുകയും ചെയ്യുന്ന അവസ്ഥക്കെതിരെയും ആദിപാപ സങ്കല്‍പത്തിനെതിരെയും പ്രവാചകന്‍ പടനയിച്ചു. സ്ത്രീ പുരുഷനെപോലെ തന്നെ ആദരിക്കപ്പെടേണ്ടവളാണെന്നും പുരുഷനെപോലെ അവള്‍ക്കും അവകാശങ്ങളുണ്ടെന്നും വിവാഹം കഴിക്കുമ്പോള്‍ അവള്‍ക്ക് മഹ്ര്‍ നല്‍കണമെന്നും ന്യായമായ കാരണത്താല്‍ വിവാഹമോചനം വേണ്ടി വരുമ്പോള്‍ അവള്‍ക്ക് ജീവനാംശം നല്‍കണമെന്നും അവള്‍ സംരക്ഷിക്കപ്പെടേണ്ടവളാണെന്നും പ്രവാചകന്‍ ആ ജനതയെ പഠിപ്പിച്ചും. പെണ്‍കുട്ടികളെ ജീവിക്കാനനുവദിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷയെ കുറിച്ച താക്കീത് നല്‍കി.
അടിമമോചനം

മാടുകളെ പോലെ അങ്ങാടിയില്‍ മനുഷ്യര്‍ വില്‍ക്കപ്പെടുകയും യജമാനന് വേണ്ടി രാപ്പകല്‍ ഭേദമന്യേ വിയര്‍പ്പൊഴുക്കുകയും ചെയ്യുന്ന പച്ചമനുഷ്യര്‍, അവരുടെ മനുഷ്യത്വവും അവകാശങ്ങളും തിരിച്ചുകൊടുക്കാന്‍ പ്രവാചകന്‍ മുന്നിട്ടിറങ്ങി. ചിലരെ സ്വയം മോചിപ്പിച്ചു. ബിലാലിനെ(റ) പോലുള്ള ചിലരെ സഹാബികള്‍ വാങ്ങി മോചിപ്പിച്ചു. അടിമമോചനത്തെ കൊലപാതകം, ശപഥ ലംഘനം, ളിഹാര്‍ പോലുള്ളവക്ക് പ്രായശ്ചിത്തമായി നിശ്ചയിച്ചു. അടിമയും ഉടമയും പരസ്പരം സഹോദരങ്ങളും ബന്ധുക്കളുമാണെന്നും ആരെങ്കിലും അടിമയെ വധിക്കുകയോ അംഗവിഛേദം നടത്തുകയോ ഷണ്ഡീകരിക്കുകയോ ചെയ്താല്‍ അവനെതിരെ തത്തുല്യ നടപടി സ്വീകരിക്കുമെന്നും ഉടമ താന്‍ ധരിക്കുന്നതു പോലുള്ള വസ്ത്രവും താന്‍ കഴിക്കുന്നതുപോലുള്ള ഭക്ഷണവും തന്റെ സഹോദരനായ അടിമക്കും നല്‍കണമെന്നും ഭാരമുള്ള വല്ല ജോലിയും ഏല്‍പിക്കുമ്പോള്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കണമെന്നും ഉദ്ഘോഷിച്ച സൈദിന്റെ(റ) മകന്‍ ഉസാമയെ(റ) സൈന്യാധിപനാക്കിയ പ്രവാചകന്‍ മാനവലോകത്തിന് നല്‍കിയ സന്ദേശം നിസ്തുലമായിരുന്നു.
രാഷ്ട്രീയവിമോചനം

പ്രവാചക കാലഘട്ടത്തിനും നൂറ്റാണ്ടുകള്‍ മുമ്പ് ആരംഭിച്ച അതിരൂക്ഷമായ സംഘ ട്ടനത്തിന്റെ പിടിയിലായിരുന്നു ലോകം. മാനവകുലം ദുരിതപൂര്‍ണമായ ജീവിതമാണ് നയിച്ചിരുന്നത്. ശക്തന്‍ ദുര്‍ബലനെ തിന്നുന്ന, ധനികന്‍ ദരിദ്രനെ അടിമയാക്കുന്ന, എല്ലാറ്റിനും കീഴടങ്ങുകയല്ലാതെ മറ്റൊരു മാര്‍ഗവും പ്രജകള്‍ക്ക് മുമ്പിലില്ലാത്ത കാലം. കഠിനഹൃദയരായ ഇടയന്‍മാരുടെ കീഴിലുള്ള മൃഗങ്ങളെ പോലെയായിരുന്നു രാജാക്കന്‍മാരുടെ കീഴില്‍ അവര്‍ കഴിഞ്ഞിരുന്നത്. വടിയുടെയും കുന്തത്തിന്റെയും ഭാഷയിലല്ലാതെ അവര്‍ സംസാരിച്ചിരുന്നില്ല.
ലോകം നീതിയുടെയും കാരുണ്യത്തിന്റെയും അനുകമ്പയുടെയും ആദരീണയരുടെയും വ്യവസ്ഥക്ക് വേണ്ടി കഠിനമായി ദാഹിച്ചു. എന്നാല്‍ റോമിന്റെയും പേര്‍ഷ്യയുടെയും സ്വേഛാധിപതികളായ രാജാക്കന്‍മാര്‍ ദുര്‍ഘടമായ മലമ്പാതയായിരുന്നു. അവര്‍ തങ്ങളുടെ പ്രജകള്‍ക്കിടയില്‍ ഈ ദൈവികദര്‍ശനം പ്രചരിപ്പിക്കാനും അങ്ങനെ അവനെ സത്യനിഷേധത്തിന്റെ കൂരിരുട്ടുകളില്‍ നിന്ന് മോചിപ്പിച്ച് വിശ്വാസത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് ആനയിക്കാനും നിന്ദ്യതയുടെയും അടിമത്തത്തിന്റെയും പടുകുഴിയില്‍ നിന്ന് സ്വാതന്ത്യ്രത്തിന്റെയും മാന്യതയുടെയും ഐശ്വര്യത്തിന്റേയും കൊടുമുടിയിലേക്ക് ഉയര്‍ത്തിക്കൊണ്ട്വരുവാനും പ്രവാചകന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക പ്രബോധകര്‍ക്ക് അനുമതി നിഷേധിച്ചു.
പ്രവാചകകീര്‍ത്തനങ്ങളിലും നബിദിന ഘോഷയാത്രകളിലും അഭിരമിച്ച് അതാണ് യഥാര്‍ഥ പ്രവാചകസ്നേഹമെന്ന് ധരിച്ച മുസ്ലിംസമൂഹം പ്രവാചകന്‍ നമ്മെ ഏല്‍പിച്ച് പോയ ദൌത്യം നിര്‍വഹിക്കാന്‍ തയ്യാറായി മുന്നോട്ട് വരികയും പ്രവാചകന്റെ വിമോചന പോരാട്ടത്തെ നെഞ്ചേറ്റുകയും ചെയ്താല്‍ മനുഷ്യമോചനത്തെ കുറിച്ച മുദ്രാവാക്യങ്ങളാല്‍ മുഖരിതമായ ആധുനിക ലോകത്തിനും യഥാര്‍ഥ വിമോചനം അന്യമാവുകയില്ല.
താങ്കളുടെ പ്രതികരണം രേഖപ്പെടുത്തുക
മുഹമ്മദ് നബി(സ്വ): മാനവതയുടെ വിമോചകന്‍ - യെക്കുറിച്ച് ആകെ 1 പ്രതികരണം
< പുതിയത്  | പഴയത് >

kkabdul aziz riyadh പറയുന്നു:

നന്നായിട്ടുണ്ട്. ഈ ലേഖനത്തിലെ പല ഭാഗങ്ങളും നേരത്തെ പ്രബോധനം പ്രസിദ്ധീകരിച്ച മുഹമ്മദ്‌ നബി വിശേഷാല്‍ പതിപ്പില്‍നിന്നും എടുത്തിട്ടുള്ളതാണ്. ആഹ്ടിന്റെ ലിങ്ക് എവിടെ കൊടുക്കുന്നു. മുഹമ്മദ്‌ നബിയുടെ ജീവിടാതെ കുറിച്ച് കൂടുതല്‍ പ്രൌഡാ ലേഖനങ്ങള്‍ അതില്‍ വാഴിക്കം
http://www.prabodhanam.net/html/Muhammad%20Nabi_1989_Spl/10.pdf
Feb 07, 2012 09:49 PM IST
< പുതിയത്   |   പഴയത് >
മുഹമ്മദ് നബി(സ്വ): മാനവതയുടെ വിമോചകന്‍ - യെക്കുറിച്ച് താങ്കളുടെ പ്രതികരണം താഴെ രേഘപ്പെടുത്തുക

പേര്:

പ്രതികരണം : (പരമാവധി 5000 അക്ഷരങ്ങള്‍ മാത്രം)

മലയാളം (Type in MANGLISH for Malayalam. ഉദാഹരണത്തിന് "സ്ത്രീ" എന്ന് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ "sthree" എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ബാര്‍ അമര്‍ത്തുക. To type in English, deselect the checkbox or press ctrl+g)

 
വിവിധ ലക്കങ്ങളില്‍ വന്ന "ലേഖനം" വായിക്കുക