നബിവ്യക്തിത്വം: അധികാരത്തിന് മുമ്പും ശേഷവും - 2
എം എം അക്ബര്‍
ലേഖനം
ആദര്‍ശപ്രബോധന രംഗത്തെ നബി(സ്വ)യുടെ നിശ്ചയദാര്‍ഢ്യം അപാരമായിരുന്നു. ശത്രുക്കളുടെ പീഡനങ്ങള്‍കൊണ്ടോ അധികാരികളുടെ പ്രലോഭനങ്ങള്‍കൊണ്ടോ സ്നേഹിക്കുന്നവരുടെ ഉപദേശങ്ങള്‍കൊണ്ടോ അനുയായികളുടെ പ്രതിഷേധങ്ങള്‍കൊണ്ടോ പ്രസ്തുത നിശ്ചയദാര്‍ഢ്യത്തില്‍ മാറ്റംവരുത്താന്‍ കഴിഞ്ഞില്ല. അധികാരമില്ലാത്ത മക്കയില്‍ പ്രകടിപ്പിച്ച അതേ ആദര്‍ശദൃഢതതന്നെ മദീനയിലെ അധികാരിയയിരുന്ന പ്രവാചകനിലും (സ്വ) നമുക്ക് കാണാന്‍ കഴിയും. മക്കയിലെ പീഡനങ്ങളെക്കുറിച്ച ചില ഹദീഥുകള്‍ നോക്കുക:ഇബ്നുമസ്ഊദില്‍ നിന്ന്: നബി(സ്വ) കഅബയുടെ അരികെ നമസ്കരിക്കുമ്പോള്‍ അബൂജഹലും കൂട്ടരും അവിടെ ഇരിക്കുന്നുണ്ട്. അവര്‍ പരസ്പരം ചോദിച്ചു: 'ആരാണ് ഒരു ഒട്ടകത്തിന്റെ കുടല്‍മാല അവന്റെ ശിരസ്സില്‍ ചാര്‍ത്തുക?' ദുഷ്ടനായ ഉഖ്ബത്തുബ്നു അബീമുഅയ്ത്വ് അതിന് ധൃഷ്ടനായി. നബി(സ്വ)യുടെ പിരടിയില്‍ അത് ചാര്‍ത്തുന്നത് കണ്ട ഞാന്‍ പറഞ്ഞു. 'എനിക്ക് ഇവനെ നേരിടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍?' ഇതുകേട്ട് അവര്‍ ആടിയാടി ചിരിച്ചു. ഇത് കണ്ട് അവിടുത്തെ പുത്രി ഫാത്വിമ വന്ന് അതെടുത്തുകളഞ്ഞു. അവിടുന്ന് ശിരസ്സുയര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് നബി(സ്വ) പ്രാര്‍ഥിച്ചു. 'അല്ലാഹുവേ, ഖുറൈശികളെ നീ പിടികൂടണേ.' മൂന്നുതവണ ഇതാവര്‍ത്തിച്ചു. തുടര്‍ന്ന്, അബൂജഹലിനെയും ഉത്ബതുബ്നു റബീഅയെയും ശൈബബിന്‍ റബീഅയെയും വലീദുബ്നു ഉത്ബയെയും ഉമയ്യബിന്‍ ഖലഫിനേയും ഉഖ്ബബിനു അസീമുഅയ്തിനേയും-ഏഴാമതൊരാളുടെ പേരും കൂടി പറഞ്ഞു-എല്ലാവരെയും നീ പിടികൂടി ശിക്ഷിക്കണേ എന്ന് പ്രാര്‍ഥിച്ചു. പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന സ്ഥാനത്തുവെച്ചുള്ള ഈ പ്രാര്‍ഥന അവര്‍ക്ക് വലിയ പ്രയാസമുണ്ടാക്കി. ഇവരെല്ലാം ബദ്റിലെ പൊട്ടക്കിണറ്റില്‍ എറിയപ്പെടുന്നത് ഞാന്‍ പിന്നീട് കണ്ടു.''(1)
അനസി(റ)ല്‍ നിന്ന്: ഒരിക്കല്‍ ഖുറൈശികള്‍ പ്രവാചകനെ(സ്വ) അദ്ദേഹം വിറളിവെളുക്കുവോളം പ്രഹരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതുകണ്ട അബൂബക്കര്‍(റ) കരഞ്ഞുകൊണ്ട് ചോദിച്ചു. നിങ്ങള്‍ക്ക് നാശം! അല്ലാഹുവാണ് തന്റെ നാഥനെന്ന് പറഞ്ഞുവെന്ന കാരണത്താല്‍ നിങ്ങള്‍ ഒരാളെ കൊല്ലുകയാണോ?’ അപ്പോള്‍ അവര്‍ പ്രവാചകനെ(സ്വ) വിടുകയും അബൂബക്കറിനെ(റ) മര്‍ദിക്കാനാരംഭിക്കുകയും ചെയതു.(2)
ഏകനായ സ്രഷ്ടാവിനെ മാത്രമെ ആരാധിക്കുകയുള്ളൂവെന്നും അവന്റെ നിയമനിര്‍ദേശങ്ങളനുസരിച്ചാവും തങ്ങള്‍ ജീവിക്കുകയെന്നും പ്രഖ്യാപിച്ചുവെന്ന കാരണത്താല്‍ മാത്രമായിരുന്നു അന്തിമ പ്രവാചകനും (സ്വ) അനുയായികളും ക്രൂരമായി മര്‍ദിക്കപ്പെട്ടത്. നബിയുടെ(സ്വ) ശിഷ്യന്‍മാര്‍ നേരിടേണ്ടിവന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ച് ഇബ്നുഹിശാമും ഇബ്നുസഅദും ഇമാം ത്വബ്രിയും തങ്ങളുടെ സീറാഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്. അവയില്‍ ചിലത് വായിക്കുക.
കഅ്ബാലയത്തിലെത്തിയ ഒരു കൂട്ടം ആളുകളോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന അബൂബക്കറി(റ)നെ ഉത്ബത്തുബ്നു റബീഅയുടെ നേതൃത്വത്തിലുള്ള ഒരു സംഘം മുശ്രിക്കുകള്‍ വന്ന് മര്‍ദിച്ച് അവശനാക്കി. ഉത്ബ അദ്ദേഹത്തിന്റെ മുഖത്ത് ഷൂസുകൊണ്ട് അടിക്കുകയും മൂക്കും അധരങ്ങളുമെല്ലാം വികൃതമാക്കുകയും ചെയ്തു. അവിടേക്ക് വന്ന ബനൂതൈമുകാര്‍ അബൂബക്കറി(റ)നെ ഒരു തുണിയില്‍ പൊതിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയി. അദ്ദേഹം മരണപ്പെട്ടിരിക്കുന്നുവെന്നാണ് അവര്‍ കരുതിയത്. അഥവാ അബൂബക്കര്‍(റ) മരണപ്പെട്ടിട്ടുണ്ടെങ്കില്‍ ഉത്ബയെ വധിക്കുമെന്ന് അവര്‍ പ്രതിജ്ഞയെടുക്കുകയും ചെയ്തു.(3)
ഉസ്മാന്‍ബിന്‍ അഫ്ഫാനെ അദ്ദേഹത്തിന്റെ ഒരു പിതൃവ്യന്‍ ഈന്തപ്പനയോലയുടെ ഒരു പായയില്‍ പൊതിഞ്ഞ് താഴെ പുകയിട്ടു!(5)
മുസ്വ്അബ്ബിന്‍ ഉമൈര്‍ വിശ്വാസിയായതറിഞ്ഞ മാതാവ്, ഏറെ സമ്പന്നനും സുഖലോലുപനുമായി ജീവിക്കാന്‍ സൌകര്യങ്ങളുള്ള അദ്ദേഹത്തെ പട്ടിണിയിടുകയും വീട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്തു.(6) പട്ടിണിയും കഷ്ടപ്പാടും കാരണം അദ്ദേഹത്തിന്റെ തൊലിയെല്ലാം വിണ്ടുകീറാന്‍ തുടങ്ങി.
റോമക്കാരനായിരുന്ന സ്വുഹൈബിന് മര്‍ദനങ്ങള്‍ കാരണം ഗ്രാഹ്യശേഷി നഷ്ടപ്പെടുകയുണ്ടായി.(7)
സുബൈറുബ്നു അവ്വാമിനെ(റ) തന്റെ പിതൃസഹോദരന്‍ ഒരു പായയില്‍ കെട്ടിത്തൂക്കുകയും അടിയില്‍ തീയിട്ട് പുകയ്ക്കുകയും ചെയ്തുകൊണ്ട് തന്റെ പുതിയ മതം ഉപേക്ഷിച്ച് പൂര്‍വമതത്തിലേക്ക് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടു. ‘എത്ര തന്നെ മര്‍ദിക്കപ്പെട്ടാലും ദൈവികമതം ഉപേക്ഷിക്കുകയില്ല യെന്നായിരുന്നു’ സുബൈറിന്റെ മറുപടി.(9)
ഉമയ്യബിന്‍ ഖലഫ് അല്‍ജുംഹിയുടെ അടിമയായിരുന്നു ബിലാല്‍. ഉമയ്യ, ബിലാലിന്റെ കഴുത്തില്‍ കയറുകെട്ടി മക്കാ മലകളില്‍ കറങ്ങി കളിക്കുന്ന കുട്ടികളെ ഏല്‍പിച്ചു. പട്ടിണിക്കിട്ടും നെഞ്ചത്ത് പാറക്കല്ല് കയറ്റിവെച്ച് ചുട്ടുപൊള്ളുന്ന മണലില്‍ കിടത്തിയും പീഡനങ്ങളുടെ ബീഭത്സരൂപം അരങ്ങേറി. 'ഒന്നുകില്‍ മുഹമ്മദിനെ അവിശ്വസിക്കുക; ലാത്തയെയും ഉസ്സയെയും ആരാധിക്കുക, തയ്യാറില്ലെങ്കില്‍ ഇതിനിയും തുടരു'മെന്ന് ക്രൂരനായ യജമാനന്‍ ഇടക്കിടെ ആക്രോശിച്ചുകൊണ്ടിരുന്നു. അപ്പോഴും ബിലാല്‍ 'അഹദ്! അഹദ്!' (ഏകന്‍, ഏകന്‍) എന്നിങ്ങനെ പിറുപിറുത്തുകൊണ്ടിരുന്നു. ആ വഴിക്ക് നടന്നുപോവുകയായിരുന്ന അബൂബക്കര്‍ ഈ ദയനീയ ദൃശ്യം കണ്ട് അലിവ് തോന്നി ബിലാലിനെ വാങ്ങി മോചിപ്പിച്ചു.(9)
അമ്മാര്‍ബിന്‍ യാസിര്‍, മഖ്സും ഗോത്രത്തിന്റെ അടിമയായിരുന്നു. അദ്ദേഹവും പിതാവും മാതാവും ഒന്നിച്ച് ഇസ്ലാം ആശ്ളേഷിച്ചു. മുശ്രിക്കുകള്‍ അബൂജഹലിന്റെ നേതൃത്വത്തില്‍ അവരെ നട്ടുച്ചനേരത്ത് ചുട്ടുപഴുത്ത മണലാരണ്യത്തിലേക്ക് ഇറക്കിവിട്ടു പീഡിപ്പിച്ചു. അതുവഴി നടന്നുപോവുകയായിരുന്ന നബി(സ്വ) ഇത് കാണാനിടയായി. അദ്ദേഹം പറഞ്ഞു: "യാസിര്‍ കുടുംബമേ ക്ഷമിക്കൂ! നിങ്ങളുടെ വാഗ്ദത്ത സ്ഥാനം സ്വര്‍ഗമാണ്.''(10) യാസിര്‍ ഈ പീഡനത്തില്‍ മൃതിയടഞ്ഞു. സുമയ്യയുടെ ഗുഹ്യഭാഗത്ത് കുന്തമിറക്കി അബൂജഹല്‍ അവരെയും നിഷ്ഠൂരമായി വധിച്ചു. അങ്ങനെ ഈ വയോവൃദ്ധ ഇസ്ലാമിലെ ഒന്നാമത്തെ വനിതാ രക്തസാക്ഷിയായി. അമ്മാറിനെ ചുവന്ന പാറക്കല്ലുകള്‍ നെഞ്ചത്ത് വെച്ചും ശ്വാസം മുട്ടിച്ചും മര്‍ദിച്ചുകൊണ്ടേയിരുന്നു. ഇടക്കിടെ യജമാനന്‍ ആക്രോശിക്കും. 'മുഹമ്മദിനെ അധിക്ഷേപിക്കുകയും ലാത്തയെയും ഉസ്സയേയും അംഗീകരിക്കുകയും ചെയ്യുക' നിര്‍ബന്ധിതാവസ്ഥയില്‍ അത് പറയാന്‍ അദ്ദേഹം സന്നദ്ധനായി. പിന്നീട്, തന്റെ പ്രവൃത്തിയില്‍ മനസ്സ് നൊന്ത് ക്ഷമ യാചിച്ച് കരഞ്ഞുകൊണ്ട് അദ്ദേഹം നബി(സ്വ)യെ സമീപിച്ചു. അപ്പോള്‍ അതിനെക്കുറിച്ച് ആയത്ത് അവതരിച്ചു. "വിശ്വസിച്ചതിനുശേഷം തങ്ങളുടെ മനസ്സ് വിശ്വാസത്തില്‍ സമാധാനം പൂണ്ടതായിരിക്കെ നിര്‍ബന്ധിതരായി അവിശ്വസിച്ചവര്‍...(കള്ളവാദികളല്ല)'' (16:106)(11)
അബൂ ഫുകഹ എന്നറിയപ്പെടുന്ന അഫ്ലഹിനെ യജമാനന്മാരായ അബ്ദുദ്ദാര്‍ ഗോത്രക്കാര്‍ കാലില്‍ ചങ്ങല ബന്ധിച്ച് നട്ടുച്ചനേരത്ത്, വിവസ്ത്രനാക്കി പുറത്ത് പാറകയറ്റിവെച്ച് മരുഭൂമിയില്‍ കെട്ടിവലിച്ചു.(12)
ഖബ്ബാബ്ബിന്‍ അല്‍ അറത്, ഖുസാഅ: ഗോത്രക്കാരി സിബാഇന്റെ പുത്രി ഉമ്മുഅമ്മാറിന്റെ അടിമയായിരുന്നു. കൊല്ലപ്പണിക്കാരനായ ഇദ്ദേഹത്തെ യജമാനത്തി ഇരുമ്പ് പഴുപ്പിച്ച് മുതുകിലും തലയിലും ചൂടുവെച്ചു. മുശ്രിക്കുകള്‍ അദ്ദേഹത്തിന്റെ പിരടി പിടിച്ചൊടിച്ച് മുടിവലിച്ച് തീയിലെറിഞ്ഞു. അങ്ങനെയുണ്ടായ കരിഞ്ഞ അടയാളം അദ്ദേഹം പില്‍കാലത്ത് ഉമര്‍ (റ)ന് കാണിച്ചു കൊടുത്തതായി ഹദീഥുകളില്‍ കാണാം.(13)
സന്നീറ, ഒരു റോമന്‍ അടിമ സ്ത്രീയായിരുന്നു. ഇസ്ലാം ആശ്ളേഷിച്ചതുകാരണം അവരെയും മര്‍ദ്ദിച്ചു. മര്‍ദ്ദനം കാരണം കാഴ്ച നഷ്ടപ്പെട്ടപ്പോള്‍ ഇത് ലാത്തയുടെയും ഉസ്സയുടെയും ശാപം കാരണമാണെന്നാണ് മുശ്രിക്കുകള്‍ പറഞ്ഞത്. 'അല്ലാഹുവാണ, ഒരിക്കലുമില്ല. ഇത് അല്ലാഹുവില്‍ നിന്നുള്ളതാണ്. അവന്‍ ഉദ്ദേശിച്ചാല്‍ ഇത് ഭേദപ്പെടുകയും ചെയ്യും' എന്നാണ് അവര്‍ പ്രതികരിച്ചത്. പിറ്റേന്ന് കാഴ്ച തിരിച്ചുകിട്ടി അവര്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഇതെല്ലാം മുഹമ്മദിന്റെ മാന്ത്രികവിദ്യയില്‍പെട്ടതാണ് എന്നാണ് ഖുറൈശികള്‍ പറഞ്ഞത്.(14)
സഹ്റ ഗോത്രക്കാരുടെ അടിമ പെണ്‍കുട്ടിയായ ഉമ്മു ഉബൈസ് വിശ്വാസിനിയായപ്പോള്‍ അവരേയും മുശ്രിക്കുകയും പീഡിപ്പിച്ചു. നബി(സ്വ)യുടെ കടുത്ത വിരോധിയും ശത്രുവുമായിരുന്ന യജമാനന്‍ അസ്വദ് ബ്ന്‍ അബ്ദുയഗൂസായിരുന്നു പീഡകന്‍മാരില്‍ മുന്നിലുണ്ടായിരുന്നത്.(15)
പീഡനങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പിന്നെ ശത്രുക്കള്‍ പ്രലോഭനത്തിന്റെ മാര്‍ഗം അവലംബിച്ചുനോക്കി. ഉത്ബത്ബിന്‍ റബീഅ കുറൈശീ സദസ്സിലിരിക്കുമ്പോള്‍-അദ്ദേഹം അവരുടെ നേതാവാണ്- ഒരിക്കല്‍ പറഞ്ഞു: കുറൈശി സമൂഹമേ! മുഹമ്മദ് പള്ളിയില്‍ ഏകനായിരിക്കുന്നു. ഞാന്‍ എഴുന്നേറ്റുചെന്ന് അവനുമായി സംസാരിക്കട്ടെ. അവന്റെ മുമ്പില്‍ ചില വാഗ്ദാനങ്ങളെല്ലാം സമര്‍പ്പിക്കുകയും ചെയ്യാം. അവന്‍ അതില്‍ നിന്ന് സ്വീകരിക്കുന്നത് നമുക്ക് നല്‍കി ഈ പ്രശ്നത്തില്‍നിന്ന് ഒഴിവാകാം. അവര്‍ പറഞ്ഞു: അതെ, അബുല്‍ വലീദ്! നീ ചെന്ന് അവനുമായി സംസാരിക്കുക: ഉത്ബ എഴുന്നേറ്റ് നബി(സ്വ)യുടെ അരികെ ചെന്നിരുന്നു. എന്നിട്ട് പറഞ്ഞുതുടങ്ങി. 'സഹോദരപുത്രാ! ഞങ്ങളുടെയിടയില്‍, നിനക്ക് തന്നെ അറിയാവുന്നതുപോലെ, നീ ആഭിജാതനും ഉന്നത സ്ഥാനീയനുമാണ്. നീ നിന്റെ ഈ സന്ദേശം വഴി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയും അവരുടെ മതത്തേയും ദൈവങ്ങളേയും ആക്ഷേപിക്കുകയും പൂര്‍വ പിതാക്കളെ നിഷേധിക്കുകയും ചെയ്യുന്ന അതിഗുരുതരമായ ഒരു കാര്യമാണ് ചെയ്തിരിക്കുന്നത്. നീ, ഞാന്‍ പറയുന്നതൊന്ന് ശ്രദ്ധിച്ച് കേള്‍ക്കുക! ചില കാര്യങ്ങള്‍ നിന്റെ മുമ്പില്‍ ഞാന്‍ വെക്കാം. നീ അത് നോക്കുക, അതില്‍ ചിലതെങ്കിലും നിനക്ക് സ്വീകാര്യമായേക്കാം. അപ്പോള്‍ നബി(സ്വ) പ്രതിവചിച്ചു: പറയൂ, അബ്ദുല്‍ വലീദ് ഞാന്‍ കേള്‍ക്കാം.'
അദ്ദേഹം പറഞ്ഞു: 'സഹോദരപുത്രാ, നീ ഇതുകൊണ്ടുദ്ദേശിക്കുന്നത് സമ്പത്താണെങ്കില്‍ അത് ഞങ്ങള്‍ നിനക്ക് സംഘടിപ്പിച്ചുതരാം. അങ്ങനെ ഞങ്ങളിലെ വലിയ സമ്പന്നനാകാം, നിനക്ക്. നേതൃത്വമാണ് ഉദ്ദേശ്യമെങ്കില്‍ നിന്നെ നേതാവാക്കാം. നീ പറയുന്നതിനപ്പുറം ഞങ്ങള്‍ തീരുമാനമെടുക്കില്ല. രാജത്വമാണ് ഉദ്ദേശ്യമെങ്കിലോ രാജാവാക്കാം. ഇനി അതൊന്നുല്ല, ഇത് നിനക്ക് ഒഴിവാക്കാന്‍ കഴിയാത്ത വല്ല പൈശാചിക ബാധയുമാണെങ്കില്‍ ഞങ്ങള്‍ അതിന് ചികിത്സ നടത്താം. ഞങ്ങളുടെ സമ്പത്തെല്ലാം അതിനായി വിനിയോഗിക്കുകയുമാവാം.'
പറഞ്ഞുതീരുവോളം, നബി (സ്വ) ശ്രദ്ധിച്ചുകേട്ടു. തുടര്‍ന്ന് ചോദിച്ചു:
'അബുല്‍ വലീദ് എല്ലാം പറഞ്ഞുതീര്‍ന്നുവോ?'
അദ്ദേഹം: 'അതെ'
നബി(സ്വ) പറഞ്ഞു: 'ഇനി ഞാന്‍ പറയുന്നത് കേള്‍ക്കുക.
അദ്ദേഹം 'അതെ'.
അങ്ങനെ റസൂല്‍ (സ്വ) വിശുദ്ധ ക്വുര്‍ആനിലെ 'ഹുസ്സ്വിലത്ത്' എന്ന അധ്യായം പാരായണം ചെയ്തുതുടങ്ങി.
"പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍,
ഹാമീം, പരമകാരുണികനും കരുണാനിധിയുമായുള്ളവന്റെ പക്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ ഇത്.
വിവചനങ്ങള്‍ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അറബിഭാഷയില്‍ പാരായണം ചെയ്യപ്പെടുന്നത്. സന്തോഷവാര്‍ത്ത അറിയിക്കുന്നതും താക്കീത് നല്‍കുന്നതുമായിട്ടുള്ള 'ഗ്രന്ഥം.'
എന്നാല്‍ അവരില്‍ അധികപേരും തിരിഞ്ഞുകളഞ്ഞു. അവര്‍ കേട്ട് മനസ്സിലാക്കുന്നില്ല.
അവര്‍ പറഞ്ഞു: നീ ഞങ്ങളെ എന്തൊന്നിലേക്ക് ക്ഷണിക്കുന്നുവോ അത് മനസ്സിലാക്കാനാവാത്ത വിധം ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടികള്‍ക്കുള്ളിലാണ്.'' (41 :1-5)
പ്രവാചകന്‍ പാരായണം തുടര്‍ന്നു. ക്വുര്‍ആന്‍ വചനങ്ങളുടെ വശ്യതയില്‍ അകപ്പെട്ട് തന്റെ കൈ രണ്ടും പിന്നിലേക്ക് ചാരി ഉത്ബ അത് മുഴുവനും കേട്ടു. ക്വുര്‍ആന്‍ പാരായണത്തിന്റെ സുജൂദ് പ്രവാചകന്‍ ചെയ്തപ്പോള്‍ ഉത്ബയും അതുപോലെ ചെയ്തു.
ശേഷം നബി(സ്വ) പറഞ്ഞു: "അബ്ദുല്‍ വലീദ് എന്റെ മറുപടി നീ കേട്ടില്ലേ, ഇനി താങ്കള്‍ക്ക് വേണ്ടതുപോലെ തീരുമാനമെടുക്കാം.''
വിവര്‍ണമുഖനായി ഉത്ബ തിരിച്ചുചെന്നപ്പോള്‍ അവര്‍ പറഞ്ഞു: 'പോയതുപോലെയല്ലല്ലോ ഇപ്പോഴത്തെ മുഖഭാവം. ഉത്ബ അവരുടെയരികെയിരുന്ന് നടന്ന സംഭവം വിശദീകരിച്ചു.
"ഞാന്‍ ചില വാക്യങ്ങള്‍ കേട്ടു. ഇതുപോലൊന്ന് മുമ്പ് ഞാന്‍ കേട്ടിട്ടേയില്ല. അല്ലാഹുവാണ, അത് കവിതയുമല്ല, മാരണവുമല്ല, ജ്യോസ്ത്യവുമല്ല. ഖുറൈശികളേ, ഞാന്‍ പറയുന്നതുപോലെ കേള്‍ക്കുക, ഈ മനുഷ്യനെ നമുക്കവന്റെ പാട്ടിന് വിട്ടേക്കാം. അല്ലാഹുവാണ, ഞാന്‍ കേട്ട ആ വര്‍ത്തമാനത്തിന് ഒരു ഭാവിയുണ്ട്. അതിനാല്‍ അറബികള്‍ ഒന്നായി അവനെ നേരിട്ട് പരാജയപ്പെടുത്തിയാല്‍, അവര്‍ മുഖേന അവന്റെ പ്രശ്നം തീര്‍ന്നുകിട്ടും. ഇനി അവന്‍ അറബികളെ അതിജയിച്ചാലോ, അവന്റെ ആധിപത്യം നിങ്ങളുടെയും ആധിപത്യമാണല്ലോ. അവന്റെ പ്രതാപം നിങ്ങളുടെയും പ്രതാപമാണല്ലോ. അവര്‍ മുഖേന ഏറെ സൌഭാഗ്യവാന്മാര്‍ നിങ്ങളായി മാറുകയും ചെയ്യും.''
അവര്‍ പ്രതികരിച്ചു: "അബ്ദുല്‍ വലീദ്! താങ്കള്‍ അവന്റെ നാവിന്റെ മായാവലയത്തിലകപ്പെട്ടിരിക്കുന്നു. തീര്‍ച്ച.''
അദ്ദേഹം പറഞ്ഞു: "ഇതാണെനിക്ക് പറയാനുള്ളത്. ഇനി നിങ്ങള്‍ക്ക് വേണ്ടതുപോലെ ചെയ്യാവുന്നതാണ്.'(16)
പീഡനത്തിന്റെയും പ്രലോഭനത്തിന്റെയും പാത പരാജയപ്പെട്ടപ്പോള്‍ ഉപദേശിച്ച് നന്നാക്കുവാനാണ് മക്കാ മുശ്രിക്കുകള്‍ പിന്നെ പരിശ്രമിച്ചത്. മുഹമ്മദ് നബി(സ്വ)ക്ക് തണലേകിക്കൊണ്ട് ജീവിക്കുകയും ഇസ്ലാം സ്വീകരിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ രക്ഷാകര്‍ത്താവായി മരണംവരെ ജീവിക്കുകയും ചെയ്ത പിതൃസഹോദരന്‍ അബൂത്വാലിബിനെയാണ് ഇക്കാര്യത്തിനുവേണ്ടി ഖുറൈശികള്‍ തെരഞ്ഞെടുത്തത്. ഏതാനും ഖുറൈശീ പ്രമുഖര്‍ അബൂത്വാലിബിനോട് പറഞ്ഞു: "അബൂത്വാലിബ്! താങ്കളുടെ സഹോദര പുത്രന്‍ ഞങ്ങളുടെ ദൈവങ്ങളെ ആക്ഷേപിക്കുന്നു. മതത്തെ നിന്ദിക്കുന്നു. നമ്മെ വിഡ്ഢികളായി ചിത്രീകരിക്കുന്നു. നമ്മുടെ പൂര്‍വപിതാക്കളെ പിഴച്ചവരായിക്കാണുന്നു. അതിനാല്‍ താങ്കള്‍ അവനെ തടയുക. അല്ലെങ്കില്‍ അവനെ ഞങ്ങളെ ഏല്‍പിക്കുക. താങ്കളാകട്ടെ ഞങ്ങളുടെ വഴിയില്‍ തന്നെയാണുതാനും.' മൃദുലവും സൌമ്യവുമായി പ്രതികരിച്ചുകൊണ്ട അബൂത്വാലിബ് അവരെ തിരിച്ചയച്ചു. നബി(സ്വ) അല്ലാഹുവിന്റെ മതം പ്രബോധനം ചെയ്തുകൊണ്ട് തന്റെ വഴിക്ക് നീങ്ങുകയും ചെയ്തു.
അവര്‍ ഒരിക്കല്‍കൂടി അബൂത്വാലിബിനെ സമീപിച്ച് കൂടുതല്‍ കര്‍ക്കശവും കര്‍ശനവുമായ രീതിയില്‍ സംസാരിക്കാന്‍ തീരുമാനിച്ചു. അവര്‍ അബൂത്വാലിബിനെ വീണ്ടും സമീപിച്ച് പറഞ്ഞു: "അബൂത്വാലിബ്! താങ്കള്‍ ഞങ്ങള്‍ക്കിടയില്‍ ആദരണീയനും മുതിര്‍ന്നവനുമാണ്. താങ്കളുടെ സഹോദരപുത്രനെ തടയാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടതാണ്. പക്ഷെ, അതുണ്ടായില്ല. അല്ലാഹുവാണെ, ഞങ്ങള്‍ക്കിത് അസഹ്യമാണ്. ഞങ്ങളുടെ പൂര്‍വപിതാക്കന്മാരെ ആക്ഷേപിക്കുകയും ഞങ്ങളെ വിഡ്ഢികളാക്കുകയും ദൈവങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്ന ഇവനെ താങ്കള്‍ തടയുക. അല്ലാത്തപക്ഷം, താങ്കളോടും അവനോടും ഞങ്ങള്‍ പോരാടുകതന്നെ ചെയ്യും. ഏതെങ്കിലുമൊരു കക്ഷി പരാജയപ്പെടുവോളം ഇത് ഞങ്ങള്‍ തുടരും.''
കടുത്ത ഈ ഭീഷണി അബൂത്വാലിബിന് പ്രയാസകരമാവുകതന്നെ ചെയ്തു. അദ്ദേഹം നബി(സ്വ)യെ വിളിച്ചുപറഞ്ഞു: "സഹോദര പുത്രാ! നിന്റെ ജനങ്ങള്‍ എന്നെ സമീപിച്ചു. അവര്‍ ചില കാര്യങ്ങളെല്ലാം പറഞ്ഞു. അതിനാല്‍ നീ എന്റെയും നിന്റെയും കാര്യത്തില്‍ അല്‍പം കനിവ് കാണിക്കണം. എന്നാലാവാത്തത് എന്നെ നീ വഹിപ്പിക്കരുത്'' തന്റെ പിതൃവ്യന്‍ തന്നെ കയ്യൊഴിക്കുകയാണെന്ന് മനസ്സിലാക്കിയ റസൂല്‍ (സ്വ) പറഞ്ഞു: 'പിതൃവ്യാ! അല്ലാഹുവാണെ സത്യം! അവരെന്റെ വലതുകൈയില്‍ സൂര്യനും ഇടതുകൈയില്‍ ചന്ദ്രനും വെച്ചുതന്നാല്‍പോലും ഞാനിതില്‍നിന്ന് വിരമിക്കുന്ന പ്രശ്നമില്ല. ഒന്നുകില്‍ ഇത് വിജയിക്കുക. അല്ലെങ്കില്‍ ഈ മാര്‍ഗത്തില്‍ ഞാന്‍ മരിച്ചുവീഴുക.'' ഇത് പറഞ്ഞ് കരഞ്ഞുകൊണ്ട് അവിടുന്ന് പുറത്തേക്കിറങ്ങി. ഉടനെ അബൂത്വാലിബ് തിരികെ വിളിച്ചുകൊണ്ട് പറഞ്ഞു. സഹോദര പുത്രാ! നീ പോയി നിനക്കിഷ്ടമുള്ളത് പറഞ്ഞോളൂ. ഒരു കാരണവശാലും നിന്നെ ഞാന്‍ കയ്യൊഴിക്കില്ല.(17)
ഉപദേശവും പരാജയപ്പെട്ടപ്പോള്‍ അവര്‍ ഉപരോധത്തിന്റെ മാര്‍ഗം സ്വീകരിച്ചു. മൂന്ന് വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഉപരോധത്തെപ്പറ്റി ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്:
മക്കാമുശ്രിക്കുകള്‍ ഹാശിം, മുത്വലിബ് ഗോത്രങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ കരാര്‍ ചെയ്തു. മുഹമ്മദിനെ ഇവര്‍ക്ക് വധിക്കാന്‍ വിട്ടുകൊടുക്കുന്നതുവരെ, അവരുമായി വിവാഹ, കച്ചവട ഇടപാടുകള്‍ നടത്തുകയോ അവരുമായി സഹവസിക്കുകയോ സഹകരിക്കുകയോ അവരുടെ വീടുകളില്‍ പ്രവേശിക്കുകയോ ചെയ്യരുതെന്നും അവര്‍ തീരുമാനിച്ചു. ഇതൊരു പത്രികയായി എഴുതി കഅബക്കുള്ളില്‍ പതിക്കുകയും ചെയ്തു. "ഹാശിം ഗോത്രത്തോട് ഒരുവിധത്തിലും സന്ധി പാടില്ല. അവര്‍ മുഹമ്മദിനെ വധിക്കാന്‍ വിട്ടുതരുന്നതുവരെ അവരുടെ കാര്യത്തില്‍ ഒരു അനുകമ്പയും കാണിക്കരുത്.'' എന്നായിരുന്നു പത്രിക.
ഇതോടെ ഹാശിം, മുത്വലിബ് കുടുംബം ഒന്നടങ്കം ശിഅ്ബ് അബൂത്വാലിബിലേക്ക് നീങ്ങുകയും അവിടെ താവളമടിക്കുകയും ചെയ്തു. ഉപരോധം ശക്തമായി. എല്ലാ ബന്ധങ്ങളും വിഛേദിച്ചു. മക്കയിലെത്തുന്ന ഭക്ഷ്യവസ്തുക്കളും കച്ചവട സാധനങ്ങളും ഇവര്‍ക്ക് ലഭിക്കുന്നതിന് മുമ്പേ മുശ്രിക്കുകള്‍ നേരത്തെ ചെന്ന് കയ്യടക്കി. കഷ്ടപ്പാട് അതികഠിനമായപ്പോള്‍ അവര്‍ പച്ചിലകളും തോലും ഭക്ഷിക്കാന്‍ തുടങ്ങി. പട്ടിണിയുടെ കാഠിന്യം സഹിക്കവയ്യാതെ പിഞ്ചുമക്കളും സ്ത്രീകളും വാവിട്ടുകരയാന്‍ തുടങ്ങി. അവരുടെ ദീനരോദനം താഴ്വരയെ ശബ്ദമുഖരിതമാക്കി. വളരെ രഹസ്യമായി എത്തുന്ന സാധനങ്ങള്‍ മാത്രമായിരുന്നു അവര്‍ക്ക് ലഭിച്ചിരുന്നത്. യുദ്ധം നിഷിദ്ധമായ മാസങ്ങളിലല്ലാതെ സാധനങ്ങള്‍ വാങ്ങാന്‍ അവര്‍ പുറത്തിറങ്ങിയില്ല. മക്കക്ക് പുറത്തുനിന്ന് വിപണിയിലേക്ക് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നവരില്‍നിന്ന് ഇവര്‍ അവശ്യസാധനങ്ങള്‍ വാങ്ങി. പക്ഷെ, മക്കക്കാര്‍ വിലവര്‍ധിപ്പിക്കുന്നതുകാരണം അതും വാങ്ങാന്‍ കഴിയാതായി.(18)
മൂന്നുവര്‍ഷത്തോളം നീണ്ടുനിന്ന ഉപരോധത്തില്‍ പട്ടിണികിടന്ന് ജീവിക്കേണ്ടിവരികയും പച്ചിലകളും വെള്ളവും മാത്രം ഭക്ഷിച്ച് ജീവന്‍ നിര്‍ത്തുകയും ചെയ്തിട്ടും മുഹമ്മദ് നബി(സ്വ) തന്റെ ഉദ്യമത്തില്‍നിന്നും പിന്‍മാറിയില്ല.
മദീനയിലെത്തിയ ശേഷം നബി(സ്വ)ക്ക് അധികാരമുണ്ടായിരുന്നുവെന്നത് നേരാണ്. എന്നാല്‍ അധികാരമോ ഭരണമോ തന്റെ കര്‍ത്തവ്യനിര്‍വഹണത്തില്‍നിന്ന് അദ്ദേഹത്തെ വ്യതിചലിപ്പിച്ചില്ല. ആദര്‍ശമനുസരിച്ച് ജീവിക്കുവാനും അത് പ്രബോധനം ചെയ്യുവാനുള്ള സ്വാന്ത്യ്രത്തിനും വേണ്ടി അദ്ദേഹത്തിന് അടരാടേണ്ടിവന്നപ്പോഴും യുദ്ധത്തില്‍ ആള്‍നാശവും ധനനഷ്ടവും ഉണ്ടായപ്പോഴുമൊന്നും ആദര്‍ശാധിഷ്ഠിത ജീവിതത്തിന്റെയും മതപ്രബോധനത്തിന്റെയും പാതയില്‍നിന്ന് അണുവളവ് വ്യതിചലിക്കാതെ അദ്ദേഹം ദൃഢമനസ്കനായി, സമചിത്തതയോടെ നിലനിന്നു. ആദ്യയുദ്ധമായ ബദ്റില്‍ വിജയിച്ചുവെങ്കിലും പതിനാല് ധീരരായ സ്വഹാബികള്‍ രക്തസാക്ഷികളായി.(19) ഉഹ്ദില്‍ പരാജയപ്പെടുകയും ഹംസ(റ)യെപ്പോലെയുള്ള എഴുപതുപേര്‍ രക്തസാക്ഷിത്വം വഹിക്കുകയും ചെയ്തു.(20) നബി(സ്വ)യുടെ പല്ലുപൊട്ടി; മുഖത്ത് മുറിവ് പറ്റി; ചുമലില്‍ വെട്ടേറ്റു; ശത്രുക്കള്‍ കുഴിച്ച ചതിക്കുഴിയില്‍ വീണു;(21) കാല്‍മുട്ടില്‍ മുറിവേറ്റു. പക്ഷെ, നബി(സ്വ)യുടെ നിശ്ചദാര്‍ഢ്യത്തിന് യാതൊരു ഗ്ളാനിയുമുണ്ടായില്ല. പിന്നെയും നിരവധി യുദ്ധങ്ങള്‍! എണ്‍പത്തിയൊന്ന് സൈനിക നീക്കങ്ങളില്‍ ഇരുപത്തിയേഴെണ്ണത്തില്‍ നബി(സ്വ) പങ്കെടുത്തു. ഓരോ യുദ്ധത്തിലും തന്റെ ആദര്‍ശദൃഢതയും നിശ്ചദാര്‍ഢ്യവും അദ്ദേഹം പ്രകടിപ്പിച്ചു.
ഉഹ്ദ് ദിവസം ബഹുദൈവാരാധകര്‍ പിരിഞ്ഞുപോയ ശേഷം പ്രവാചകന്‍(സ്വ) പറഞ്ഞു: 'എന്റെ നാഥനോട് അഭിവാദ്യങ്ങളര്‍പ്പിക്കാനായി എല്ലാവരും ചേര്‍ന്നുനില്‍ക്കുക' തന്റെ പിന്നില്‍ അണിനിരന്നവര്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് നബി(സ്വ) പ്രാര്‍ഥിച്ചു.
'അല്ലാഹുവേ, ഒന്നൊഴിയാതെ സ്തുതിയെല്ലാം നിനക്കാകുന്നു. അല്ലാഹുവേ, നീ വിശാലമാക്കിയത് ചുരുക്കുന്നവരോ നീ ചുരുക്കിയത് വിശാലമാക്കുന്നവരോ ഇല്ല. നീ വഴിപിഴപ്പിച്ചവര്‍ക്ക് വഴികാണിക്കുന്നവരോ നീ വഴിയിലാക്കിയവരെ വഴിപിഴപ്പിക്കുന്നവരോ ഇല്ല. നീ തടഞ്ഞത് നല്‍കുന്നവരോ നീ നല്‍കിയത് തടയുന്നവരോ ഇല്ല. നീ അകറ്റിയത് അടുപ്പിക്കുന്നവരോ നീ അടുപ്പിച്ചത് അറ്റുന്നവരോ ഇല്ല. അല്ലാഹുവേ, നിന്റെ അനുഗ്രഹങ്ങളും കാരുണ്യവും ഔദാര്യവും ഉപജീവനവും ഞങ്ങള്‍ക്കുമേല്‍ വിശാലമാക്കേണമേ.'' "അല്ലാഹുവേ, ഒരിക്കലും മറയുകയോ നീങ്ങുകയോ ചെയ്യാത്ത സ്ഥായിയായ അനുഗ്രഹം നിന്നോട് ഞാന്‍ തേടുന്നു. അല്ലാഹുവേ, കഷ്ടപ്പാടില്‍ സഹായവും ഭയത്തില്‍ നിര്‍ഭയത്വവും നിന്നോടു ഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ, നീ നല്‍കിയതിന്റെ തന്മയില്‍നിന്നും തടഞ്ഞതിന്റെ തിന്മയില്‍നിന്നും നിന്നോട് ഞാന്‍ അഭയം തേടുന്നു. അല്ലാഹുവേ, വിശ്വാസം ഞങ്ങള്‍ക്ക് പ്രിയങ്കരമാക്കുകയും മനസ്സുകളില്‍ അലംകൃതമാക്കുകയും ചെയ്യേണമേ. അവിശ്വാസവും അധര്‍മവും ധിക്കാരവും ഞങ്ങള്‍ക്ക് വെറുപ്പുള്ളതാക്കേണമേ. ഞങ്ങളെ നീ സച്ചരിതരില്‍ ഉള്‍പ്പെടുത്തേണമേ. അല്ലാഹുവേ, ഞങ്ങളെ മുസ്ലിംകളായി മരിപ്പിക്കുകയും മുസ്ലിംകളായി ജീവിപ്പിക്കുകയും സുകൃതവാന്മാരുടെ കൂട്ടത്തില്‍-നിന്ദ്യരുടെയോ കുഴപ്പക്കാരുടെയോ അല്ല-ഉള്‍പ്പെടുത്തുകയും ചെയ്യേണമേ. അല്ലാഹുവേ, നിന്റെ പ്രവാചകന്മാരെ കളവാക്കുന്ന നിന്റെ മാര്‍ഗത്തില്‍നിന്ന് ജനങ്ങളെ തടയുന്ന അവിശ്വാസികളെ നീ നശിപ്പിക്കേണമേ, നിന്റെ നിന്ദ്യതയും ശിക്ഷയും അവരുടെമേല്‍ ആക്കേണമേ. അല്ലാഹുവേ, സത്യദൈവമേ, വേദഗ്രന്ഥം നല്‍കപ്പെട്ടവരിലെ അവിശ്വാസികളെയും നീ നശിപ്പിക്കേണമേ.''(22)
യുദ്ധാവസരങ്ങളില്‍ മാത്രമല്ല, സന്ധിയുടെ സന്ദര്‍ഭത്തിലും പ്രവാചകന്‍ (സ്വ) സമചിത്തത പുലര്‍ത്തി. തന്റെ അനുയായികള്‍ എതിര്‍ത്തപ്പോഴും ശത്രുക്കളുമായി സന്ധിയുണ്ടാക്കണമെന്ന ദൈവിക നിര്‍ദേശം പാലിക്കുവാന്‍ അദ്ദേഹം സന്നദ്ധനായി. സന്ധി സന്ദര്‍ഭത്തില്‍ വേദനാജനകമായ സംഭവങ്ങളുണ്ടായിട്ടും സന്ധി വ്യവസ്ഥകളില്‍നിന്ന് വ്യതിചലിക്കാതെ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഹുദൈബിയാ സന്ധിയെക്കുറിച്ച് വിവരിക്കുന്ന സ്വഹീഹുല്‍ ബുഖാരിയിലു സ്വഹീഹുമുസ്ലിലിമുമുള്ള വിശദമായ ഹദീഥുകള്‍ നബി(സ്വ)യുടെ സമചിത്തതയും ദൃഢമാനസ്കതയും വ്യക്തമാക്കുന്നുണ്ട്. ബുഖാരിയുടെ ഹദീഥില്‍നിന്ന്:
നബി(സ്വ) ഖുറൈശികളുമായി സന്ധിയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ സുഹൈലുബ്നു അംറ് അവിടെവന്നു. നിങ്ങളുടെ "കാര്യം എളുപ്പമായി'' നബി(സ്വ) പറഞ്ഞു.
"വരൂ. നമുക്കും നിങ്ങള്‍ക്കുമിടയില്‍ ഒരു കരാറെഴുതാം'' സുഹൈല്‍ പറഞ്ഞു.
നബി(സ്വ) എഴുത്തുകാരനെ വിളിച്ചു കൊണ്ട് പറഞ്ഞു: "എഴുതൂ, ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം.'' ഉടനെ സുഹൈല്‍ പറഞ്ഞു: "ഈ റഹ്മാന്‍ എന്താണെന്ന് അല്ലാഹുവാണ, എനിക്കറിഞ്ഞുകൂടാ. നിങ്ങള്‍ എഴുതാറുണ്ടായിരുന്നതുപോലെ "ബിസ്മിക്കല്ലാഹുമ്മ'' എന്നെഴുതുക. "അല്ലാഹുവാണ, ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം എന്നല്ലാതെ ഞങ്ങളെഴുതുകയില്ല'' എന്ന് മുസ്ലിംകള്‍ പറഞ്ഞു. "ബിസ്മിക്കല്ലാഹുമ്മ എന്നുതന്നെയെഴുതുക'' നബി(സ്വ) പറഞ്ഞു: "ഇത് ദൈവദൂതനായ മുഹമ്മദ് ചെയ്ത ഉടമ്പടിയാണ്'' സുഹൈല്‍ പറഞ്ഞു. 'അല്ലാഹുവാണ, താങ്കള്‍ ദൈവദൂതനാണെന്ന് ഞങ്ങള്‍ക്കറിവുണ്ടെങ്കില്‍ കഅ്ബയില്‍നിന്നും താങ്കളെ ഞങ്ങള്‍ തടയുകയോ താങ്കളുമായി യുദ്ധം ചെയ്യുകയോ ഇല്ലായിരുന്നു. അതുകൊണ്ട് മുഹമ്മദിബ്നു അബ്ദില്ലാ എന്നെഴുതുക.'' നബി(സ്വ) പറഞ്ഞു: "അല്ലാഹുവാണ, തീര്‍ച്ചയായും ഞാന് അല്ലാഹുവിന്റെ ദൂതനാണ്. നിങ്ങളെന്നെ നിഷേധിക്കുന്നുവെങ്കിലും. മുഹമ്മദിബ്നു അബ്ദില്ലാ എന്നുതന്നെ എഴുതുക.'' "തവാഫ് ചെയ്യാന്‍ ഞങ്ങള്‍ക്ക് കഅ്ബയിലേക്കുള്ള വഴി സുരക്ഷിതമാക്കിത്തരണ''മെന്ന നബി(സ്വ)യുടെ നിബന്ധനയില്‍ സുഹൈല്‍ പറഞ്ഞു. "അല്ലാഹുവാണ, ഞങ്ങള്‍ നിര്‍ബന്ധിതരായിപ്പോയതാണെന്ന് അറബികള്‍ക്ക് പറയാനിടവരരുത്. അതിനാല്‍ അത് അടുത്ത കൊല്ലമാവാം'' കരാറില്‍ അപ്രകാരം എഴുതി. സുഹൈല്‍ തുടര്‍ന്നു: "ഞങ്ങളില്‍ നിന്നാരും തന്നെ നിങ്ങളുടെയടുക്കലേക്ക് വരുന്നതല്ല; അങ്ങനെയാരെങ്കിലും വന്നാല്‍ അവന്‍ നിന്റെ മതത്തില്‍പെട്ടവനാണെങ്കിലും അവനെ നിങ്ങള്‍ ഞങ്ങളുടെ അടുക്കലേക്ക് തിരിച്ചയക്കാതിരിക്കുകയില്ല എന്നതാണ് അടുത്ത നിബന്ധന.'' മുസ്ലിംകള്‍ പറഞ്ഞു: "സുബ്ഹാനല്ലാ! എങ്ങനെയാണ് ഇസ്ലാം സ്വീകരിച്ചുകൊണ്ടുവരുന്ന ഒരാളെ മുശ്രിക്കുകളുടെയടുത്തേക്ക് തിരിച്ചയക്കുക!'' അതിനിടക്ക് അബൂജന്‍ദല്‍ എന്നയാള്‍ തന്റെ കാലില്‍ ബന്ധിച്ചിരുന്ന ചങ്ങലയും വലിച്ചുകൊണ്ട് കടന്നുവന്നു.(24) മക്കയുടെ താഴ്ഭാഗത്തുനിന്ന് പുറപ്പെട്ടതാണദ്ദേഹം. ചങ്ങലയും വഹിച്ച് അദ്ദേഹം മുസ്ലിംകളുടെ മുമ്പില്‍വന്ന് വീണു. അപ്പോള്‍ സുഹൈല്‍ പറഞ്ഞു: 'ഇതാ മുഹമ്മദേ, ഇവനെ എനിക്ക് തിരിച്ചേല്‍പിക്കണമെന്ന വ്യവസ്ഥയാണ് ആദ്യമായി ഞാന്‍ ആവശ്യപ്പെടുന്നത്.' "നാം കരാര്‍ ചെയ്തു കഴിഞ്ഞിട്ടില്ലല്ലോ'' എന്ന് നബി(സ്വ) മറുപടി പറഞ്ഞു. ഉടനെ സുഹൈല്‍ പറഞ്ഞു: 'എങ്കില്‍ അല്ലാഹുവാണ, താങ്കളുമായി ഒരു കാര്യത്തിലും ഒരിക്കലും ഞാന്‍ സന്ധിക്ക് ഒരുക്കമില്ല.' തിരുമേനി അരുളി: "എനിക്കുവേണ്ടി അവനെ വിട്ടുതന്നേക്കുക'' -സുഹൈല്‍ പറഞ്ഞു. "വിട്ടുതരാന്‍ നിവൃത്തിയില്ല! '' തിരുമേനി അരുളി. "അല്ല, അവനെ വിട്ടുതരണം'' -സുഹൈല്‍ പറഞ്ഞു: 'അതൊരിക്കലും സാധ്യമല്ല'' മിക്റബ് പറഞ്ഞു.'ശരി, അവനെ നിങ്ങള്‍ക്ക് ഞങ്ങള്‍ വിട്ടുതന്നു.' അബൂജന്‍ദല്‍ പറഞ്ഞു: 'ഹേ, മുസ്ലിംകളേ! ഞാന്‍ ഇസ്ലാം സ്വീകരിച്ചുവന്നിട്ട് എന്നെ ബഹുദൈവ വിശ്വാസികളുടെ അടുക്കലേക്ക് തിരിച്ചയക്കുകയാണോ? ഞാനനുഭവിച്ച യാതനകള്‍ നിങ്ങള്‍ കാണുന്നില്ലേ? അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കഠിന യാതനകള്‍ക്ക് വിധേയനായ ഒരാളായിരുന്നു അദ്ദേഹം. ഉമര്‍ (റ) പറയുന്നു: ഞാന്‍ നബി(സ്വ)യുടെയടുക്കല്‍ ചെന്ന് ചോദിച്ചു. "സത്യമായും അങ്ങ് അല്ലാഹുവിന്റെ ദൂതനല്ലേ?' 'അതെ' യെന്ന് നബി(സ്വ) മറുപടി പറഞ്ഞു. 'എങ്കില്‍ നമ്മുടെ മതത്തില്‍ എന്തിന് നിന്ദ്യത കൈവരിക്കണം?'' "തീര്‍ച്ചയായും ഞാന്‍ ദൈവത്തിന്റെ ദൂതനാണ്. അവനെ ഞാനൊരിക്കലും ധിക്കരിക്കില്ല. അവന്‍ മാത്രമാണ് എന്റെ സഹായി.' എന്ന് നബി(സ്വ) അരുളി. ഉമര്‍ ചോദിച്ചു: "നമ്മള്‍ കഅ്ബയില്‍ ചെന്ന് തവാഫ് ചെയ്യുമെന്ന് അങ്ങ് ഞങ്ങളോട് പറയാറുണ്ടായിരുന്നില്ലേ?'' "അതെ. അപ്പോള്‍ ഞാന്‍ നിങ്ങളോട് പറഞ്ഞോ, ഈവര്‍ഷം തന്നെ നാം കഅ്ബയില്‍ ചെല്ലുമെന്ന്.'' ഇല്ലെന്ന് ഉമര്‍ മറുപടി പറഞ്ഞു. "നിങ്ങള്‍ അവിടെ ചെന്ന് തവാഫ് ചെയ്യുകതന്നെ ചെയ്യും'' എന്ന് നബി(സ്വ) തുടര്‍ന്നരുളി. ഉമര്‍ (റ) പറയുന്നു: "ഞാന്‍ അബൂബക്കറിന്റെ അടുത്തുചെന്ന് ചോദിച്ചു: "സത്യമായും ഇദ്ദേഹം അല്ലാഹുവിന്റെ പ്രവാചകനല്ലേ?'' "അതെ'' അദ്ദേഹം മറുപടി പറഞ്ഞു. "നാം സത്യത്തിലും നമ്മുടെ ശത്രു അസത്യത്തിലുമല്ലേ?'' എന്ന് വീണ്ടും ഞാന്‍ ചോദിച്ചു. 'അതേ' അബൂബക്കറിന്റെ (റ) മറുപടി പറഞ്ഞു. ഞാന്‍ ചോദിച്ചു: "എങ്കില്‍ നാമെന്തിന് നമ്മുടെ മതത്തില്‍ ഈ നിന്ദ്യത കൈവരിക്കണം?'' അബൂബക്കര്‍ പറഞ്ഞു: "ഹേ മനുഷ്യാ! അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണ്. അദ്ദേഹം തന്റെ നാഥനെ ധിക്കരിക്കുകയില്ല. അല്ലാഹുവാണ് അദ്ദേഹത്തെ സഹായിക്കുന്നവന്‍. അദ്ദേഹത്തിന്റെ നിര്‍ദ്ദേശം മുറുകെ പിടിക്കുക. അല്ലാഹുവാണ അദ്ദേഹം സത്യത്തില്‍ തന്നെയാണ്.'' "നാം കഅ്ബയില്‍ ചെന്ന് തവാഫ് ചെയ്യുമെന്ന് അദ്ദേഹം നമ്മോട് പറയാറുണ്ടായിരുന്നില്ല?'' ഞാന്‍ ചോദിച്ചു. അതേ, നിങ്ങള്‍ ഈ വര്‍ഷം കഅ്ബയില്‍ ചെല്ലുമെന്ന് അദ്ദേഹം അറിയിച്ചുരുന്നോ?'' ഇല്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു. "താങ്കള്‍ അവിടെചെന്ന് തവാഫ് ചെയ്യുകതന്നെ ചെയ്യും'' എന്ന് അബൂബക്കര്‍ പറഞ്ഞു. ഉമര്‍ പറയുന്നു: "ഈ എടുത്തുചാട്ടത്തിന് പ്രായശ്ചിത്തമായി പിന്നീട് ഞാന്‍ ധാരാളം സല്‍കര്‍മങ്ങള്‍ ചെയ്തു. ഉടമ്പടി ചെയ്ത് കഴിഞ്ഞപ്പോള്‍ നബി(സ്വ) അനുചരന്മാരോടായി പറഞ്ഞു: "നിങ്ങള്‍ എഴുന്നേറ്റ് ബലിയറുക്കുക. അതിന്നുശേഷം തലമുണ്ഡനം ചെയ്യുക'' നബി(സ്വ) അത് മൂന്നുപ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടും അവരിലൊരാളും എഴുന്നേറ്റില്ല. അതുകണ്ടപ്പോള്‍ തിരുമേനി ഉമ്മുസലമയുടെ അടുത്തുചെന്ന് ജനങ്ങളില്‍ നിന്നുണ്ടായ അനുഭവത്തെക്കുറിച്ച് പറഞ്ഞു, അപ്പോള്‍ ഉമ്മുസലമ മറുപടി പറഞ്ഞു: "ദൈവദൂതരേ! താങ്കള്‍ ജനങ്ങള്‍ അങ്ങനെ ചെയ്യണമെന്നാഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരിലാരോടും ഒന്നും പറയാതെ പുറത്തിറങ്ങി അങ്ങയുടെ ബലിമൃഗത്തെ അറുക്കുകയും അങ്ങയുടെ ക്ഷുരകനെ വിളിച്ച് മുണ്ഡനം ചെയ്യിക്കുകയും ചെയ്യുക.'' നബി(സ്വ) അവരിലാരോടും മിണ്ടാതെ അപ്രകാരമെല്ലാം ചെയ്തു-ബലിയറുത്തു; തലമുണ്ഡനം ചെയ്യിച്ചു. അനുചരന്‍മാരിത് കണ്ടപ്പോള്‍ മുന്നോട്ടുവന്ന് ബലിയറുക്കാന്‍ തുടങ്ങി. അവര്‍ പരസ്പരം തല മുണ്ഡനം ചെയ്തുകൊണ്ടിരുന്നു.(23)
നീണ്ട പതിമൂന്ന് വര്‍ഷം, തന്നെയും അനുയായികളെയും പീഡിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും ബഹിഷ്കരിക്കുകയും പലായനത്തിന് നിര്‍ബന്ധിക്കുകയും, പലായനത്തിനു ശേഷമുള്ള ആറു വര്‍ഷക്കാലം നിരന്തരമായി യുദ്ധം ചെയ്ത് ഇസ്ലാമികസമൂഹത്തെ നശിപ്പിക്കുവാന്‍ ശ്രമിക്കുകയും തന്റെ അനുയായി പ്രമുഖരില്‍ പലരെയും യുദ്ധസമയത്ത് വെച്ച് കൊല്ലുകയും ചെയ്ത ഖുറൈശികളുമായി സമാധാനക്കരാറില്‍ ഒപ്പു വെക്കുമ്പോഴും പീഡനപ്രലോഭനങ്ങളുടെ മക്കയിലും യുദ്ധങ്ങളുടെ മദീനയിലെ ആദ്യനാളുകളിലും കാണിച്ച അതേ നിശ്ചയദാര്‍ഢ്യം തന്നെ പ്രകടിപ്പിക്കുന്ന നബി(സ്വ)യെയാണ് നാം ഇവിടെ കാണുന്നത്. മക്കയിലെ പ്രയാസങ്ങളിലും മദീനയിലെ പോരാട്ടങ്ങളിലും തന്നോടൊപ്പം നിന്ന ഉമര്‍ (റ) നെപ്പോലെയുള്ള അനുചര പ്രമുഖര്‍ പോലും സമാധാനക്കരാറിലെ വ്യവസ്ഥകള്‍ക്ക് എതിരു നില്‍ക്കുകയും പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തിട്ടും കരാറിലേര്‍പ്പെടണമെന്ന ദൈവിക നിര്‍ദേശം പാലിക്കുന്നതില്‍ നിന്ന് അല്‍പമെങ്കിലും പിറകോട്ട് പോകാന്‍ നബി(സ്വ) സന്നദ്ധമായില്ല. പീഡിപ്പിക്കപ്പെടുന്ന തന്റെ അനുയായിയെ രക്ഷപ്പെടുത്തി തന്നോടൊപ്പം മദീനയിലേക്ക് കൊണ്ടുപോകണമെന്ന തന്റെ അഭിലാഷം കരാര്‍ വ്യവസ്ഥകള്‍ക്കെതിരായപ്പോള്‍ പ്രസ്തുത അഭിലാഷം ഉപേക്ഷിക്കുവാനും പ്രസ്തു അനുയായിയെ ശത്രുക്കള്‍ക്ക് വിട്ടു കൊടുക്കാനും വരെ നബി(സ്വ) സന്നദ്ധമായി. താന്‍ എന്ത് പറഞ്ഞാലും അത് അപ്പടി അനുസരിച്ചിരുന്ന അനുചരന്‍മാര്‍ ബലിയറുക്കുകയും തലമുടി വടിക്കുകയും ചെയ്യുവാനുള്ള തന്റെ നിര്‍ദേശം പാലിക്കാതെ പ്രതിഷേധം പ്രകടിപ്പിച്ചപ്പോഴും ദൃഢചിത്തതയോടെ നിലകൊണ്ട് തന്റെ ദൌത്യം നിര്‍വഹിക്കുന്ന നബി(സ്വ)യെയാണ് നാം ഇവിടെ കാണുന്നത്. ദൈവികനിര്‍ദേശം പാലിക്കുകയും നടപ്പിലാക്കുകയും ചെയ്യുകയെന്ന തന്നില്‍ ഏല്‍പിക്കപ്പെട്ട ദൌത്യം നിര്‍വഹിക്കുന്നതിന് ആരു തടസ്സം നിന്നാലും അതു പരിഗണിക്കാതെ മുന്നോട്ടുപോവുകയാണ് നബി(സ്വ) ചെയ്തതെന്ന് വ്യക്തമാക്കുന്ന നടപടികളിലൊന്നാണിത്. ശത്രുക്കളുടെ പീഡനങ്ങള്‍ക്കോ അധികാരികളുടെ പ്രലോഭനങ്ങള്‍ക്കോ സ്വന്തക്കാരുടെ ഗുണകാംക്ഷാനിര്‍ഭരമായ ഉപദേശങ്ങള്‍ക്കോ മാത്രമല്ല തന്നോടൊപ്പം നില്‍ക്കുകയും തനിക്കു വേണ്ടി ത്യാഗങ്ങള്‍ സഹിക്കുകയും നാടും വീടുമുപേക്ഷിക്കുകയും യുദ്ധങ്ങളില്‍ പങ്കെടുക്കുകയുമെല്ലാം ചെയ്ത അനുയായികളുടെ പ്രതിഷേധത്തിനു പോലും മുഹമ്മദ് നബി(സ്വ) യെ തന്റെ ദൌത്യനിര്‍വഹണത്തില്‍ നിന്ന് ഒരു അണു അളവ് പിന്നോട്ട് നയിക്കുവാന്‍ പര്യാപ്തമായിരുന്നില്ലെന്ന് സാരം.
മുഹമ്മദ് നബി(സ്വ)യുടെ ആരാധനകളൊന്നും തന്നെ അനുയായികളെ ആകര്‍ഷിക്കുന്നതിനു വേണ്ടിയുള്ള അംഗചലനങ്ങളായിരുന്നില്ലെന്ന് ആ ജീവിതത്തെ സത്യസന്ധമായി നിരീക്ഷിക്കുന്ന ആര്‍ക്കും ബോധ്യമാകും. മക്കയിലെ പീഡനങ്ങള്‍ക്കിടയിലും തന്റെ ആരാധനകള്‍ക്ക് അദ്ദേഹം ഭംഗം വരുത്തിയില്ല. കഅ്ബാലയത്തില്‍ വെച്ചുള്ള നബി(സ്വ)യുടെ നമസ്കാരത്തിനിടയില്‍ അദ്ദേഹം സാഷ്ടാംഗ പ്രണാമത്തിലായിരിക്കുമ്പോഴാണല്ലോ മക്കാ മുശ്രിക്കുകള്‍ നബിശരീരത്തില്‍ ഒട്ടകത്തിന്റെ കുടല്‍മാല ചാര്‍ത്തിയത്. ഇങ്ങനെയെല്ലാം പീഡിപ്പിക്കപ്പെട്ടിട്ടും നബി(സ്വ) തന്റെ നമസ്കാരത്തിന് ഭംഗം വരുത്തിയില്ല. നമസ്കാരത്തില്‍ ആത്മാര്‍ഥമായി തന്റെ രക്ഷിതാവിനോട് സംസാരിക്കുകയായിരുന്നുവല്ലോ അദ്ദേഹം. ഒട്ടകത്തിന്റെ കുടല്‍മാലയ്ക്കോ മറ്റെന്തെങ്കിലും പീഡനങ്ങള്‍ക്കോ അത്യുന്നതനായ നാഥനും അവന്റെ വിനീതനായ ദാസനും തമ്മിലുള്ള സംഭാഷണത്തിന് ഭംഗം വരുത്താന്‍ കഴിയുമായിരുന്നില്ല. ഖുറൈശികളുടെ പരിഹാസങ്ങളും അപഹാസങ്ങളും സഹിച്ചുകൊണ്ട് തന്റെ നമസ്കാരം അദ്ദേഹം തുടര്‍ന്നു. പ്രവാചകത്വത്തിന്റെ തുടക്കകാലത്ത് തന്നെ ആരംഭിച്ച നബി(സ്വ)യുടെ നമസ്കാരം തന്റെ ജീവിതാന്ത്യം വരെ അദ്ദേഹം നിലനിര്‍ത്തി, ഒരിക്കല്‍ പോലും ഭംഗം വരാതെ.
യുദ്ധസന്ദര്‍ഭങ്ങളിലും പോലും നമസ്കാരത്തിന് നബി(സ്വ) ഭംഗം വരുത്തിയില്ല. സമരമുഖത്തെ നമസ്കാരത്തെക്കുറിച്ച് ക്വുര്‍ആനില്‍ നിര്‍ദ്ദേശം കാണുക. ക്വുര്‍ആന്‍ "നിങ്ങള്‍ ഭൂമിയില്‍ യാത്രചെയ്യുകയാണെങ്കില്‍ സത്യനിഷേധികള്‍ നിങ്ങള്‍ക്ക് നാശം വരുത്തുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം നമസ്കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. തീര്‍ച്ചയായും സത്യനിഷേധികള്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കളാകുന്നു. (നബിയേ) നീ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും, അവര്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് നമസ്കാരം നിര്‍വഹിക്കുകയുമാണെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്റെ കൂടെ നില്‍ക്കട്ടെ. അവര്‍ അവരുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ സുജൂദ് ചെയ്ത് കഴിഞ്ഞാല്‍ അവര്‍ നിങ്ങളുടെ പിന്നിലേക്ക് മാറിനില്‍ക്കുകയും, നമസ്കരിച്ചിട്ടില്ലാത്ത മറ്റെ വിഭാഗം വന്ന് നിന്റെ കൂടെ നമസ്കരിക്കുകയും ചെയ്യട്ടെ. അവര്‍ ജാഗ്രത കൈക്കൊള്ളുകയും, തങ്ങളുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യേണ്ടതാണ്. നിങ്ങളുടെ ആയുധങ്ങളെപ്പറ്റിയും, നിങ്ങളുടെ സാധനങ്ങളെപ്പറ്റിയും നിങ്ങള്‍ അശ്രദ്ധരായെങ്കില്‍, നിങ്ങളുടെ നേരെ തിരിഞ്ഞ് ഒരൊറ്റ ആഞ്ഞടി നടത്താമായിരുന്നുവെന്ന് സത്യനിഷേധികള്‍ മോഹിക്കുകയാണ്. എന്നാല്‍ മഴ കാരണം നിങ്ങള്‍ക്ക് ശല്യമുണ്ടാകുകയോ, നിങ്ങള്‍ രോഗബാധിതരാകുകയോ ചെയ്താല്‍ നിങ്ങളുടെ ആയുധങ്ങള്‍ താഴെ വെക്കുന്നതിന് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ ജാഗ്രത പുലര്‍ത്തുക തന്നെ വേണം. തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.'' (ക്വുര്‍ആന്‍ 4:101-103)
തന്റെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുമെന്ന ദൃഢമായ ബോധ്യത്തോടു കൂടി നാഥനോട് വിനീതമായി അപേക്ഷിക്കുന്ന പ്രവാചകനെ(സ്വ)യാണ് യുദ്ധസന്ദര്‍ഭങ്ങളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. അനുയായികളെ വിശ്വസിപ്പിക്കുവാന്‍ വേണ്ടി നടത്തുന്ന കേവലമായ കോപ്രായങ്ങളല്ല, ദൃഢവിശ്വാസത്തില്‍ നിന്നുയര്‍ന്ന ആത്മാര്‍ഥമായ അര്‍ഥനകളായിരുന്നു നബി(സ്വ)യുടെ പ്രാര്‍ഥനകളെന്ന് വ്യക്തമാക്കുന്നതാണ് യുദ്ധത്തിന്റെ സന്നിഗ്ധഘട്ടങ്ങളില്‍ നബി(സ്വ) നടത്തിയ പ്രാര്‍ഥനകള്‍. ബദ്ര്‍ യുദ്ധത്തിന്റെ സന്ദര്‍ഭത്തിലുള്ള നബി(സ്വ)യുടെ പ്രാര്‍ഥനയെക്കുറിച്ച് വിശദീകരിക്കുന്ന ഹദീഥ് നോക്കുക.
ഇബ്നു അബ്ബാസില്‍ നിന്ന്: ഉമറുബ്നുല്‍ ഖത്ത്വാബ് എന്നോട് പറഞ്ഞു. ബദ്ര്‍ യുദ്ധ ദിവസം നബി നബി(സ്വ) മുശ്രിക്കുകളെ നോക്കി. അവര്‍ ആയിരമുണ്ടായിരുന്നു. അവിടത്തെ അനുചരന്മാരാകട്ടെ മുന്നൂറ്റി പത്തൊമ്പത് പുരുഷന്മാരും. തദവസരം നബി ഇരുകരങ്ങളുമുയര്‍ത്തി ഖിബ്ലയെ അഭിമുഖീകരിച്ച് തന്റെ നാഥനോട് ഉച്ചത്തില്‍ പ്രാര്‍ഥിക്കാന്‍ തുടങ്ങി. 'അല്ലാഹുവേ, നീ എന്നോടു ചെയ്ത വാഗ്ദാനം നിറവേറ്റണമേ! അല്ലാഹുവേ, നീ വാഗ്ദാനം ചെയ്തത് എനിക്ക് നല്‍കേണമേ! അല്ലാഹുവേ, ഇസ്ലാമിന്റെ ആളുകളായ ഈ കൊച്ചുസംഘത്തെ നീ നശിപ്പിച്ചാല്‍ ഇനി ഭൂമിയില്‍ നീ ഇബാദത്ത് ചെയ്യപ്പെടുകയില്ല.' അവിടുന്ന് ഖിബ്ലയെ അഭിമുഖീകരിച്ച് ഇരുകൈകളുമുയര്‍ത്തി അല്ലാഹുവോട് ഉറക്കെ പ്രാര്‍ഥിച്ചു കൊണ്ടേയിരുന്നു. അങ്ങനെ നബിയുടെ ചുമലില്‍നിന്ന് തട്ടം താഴെ വീണു. അപ്പോള്‍ അബൂബക്കര്‍(റ) കടന്നുവന്നു. അദ്ദേഹം തട്ടമെടുത്ത് നബിയുടെ ചുമലില്‍ ഇട്ടുകൊടുത്തു. എന്നിട്ട് നബിയുടെ പിന്നില്‍ തന്നെ നിന്നു. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങ് അല്ലാഹുവോട് ആവശ്യപ്പെട്ടത് മതി. നിശ്ചയം! താങ്കളോട് വാഗ്ദാനം ചെയ്തത് അവന്‍ പൂര്‍ത്തീകരിച്ചു തരികതന്നെ ചെയ്യും. അപ്പോള്‍ അല്ലാഹു ഈ സൂക്തം അവതരിപ്പിച്ചു. "എന്നാല്‍ വഴിയെ ആ സംഘം തോല്‍പിക്കപ്പെടുന്നതാണ്. അവര്‍ പിന്തിരിഞ്ഞ് ഓടുകയും ചെയ്യും. തന്നെയുമല്ല, ആ അന്ത്യസമയമാകുന്നു അവര്‍ക്കുള്ള നിശ്ചിത സന്ദര്‍ഭം. ആ അന്ത്യസമയം ഏറ്റവും ആപല്‍ക്കരവും അത്യന്തം കയ്പേറിയതുമാകുന്നു.''(ക്വുര്‍ആന്‍ 54:45,46) (25)
അനുയായികള്‍ക്കു മുമ്പില്‍ വെച്ച് മാത്രം നിര്‍വഹിക്കപ്പെടുന്നവയായിരുന്നില്ല പ്രവാചകന്റെ(റ) ആരാധനകള്‍. രാത്രിയുടെ അന്ത്യയാമങ്ങളില്‍ അനുയായികളെയോ കുടുംബാംഗങ്ങളെയോ വിവരമറിയിക്കാതെ നബി(റ) ദീര്‍ഘമായി നമസ്കരിച്ചു. നബി(സ്വ)യുടെ രാത്രി നമസ്കാരത്തെക്കുറിച്ച് നബിപത്നി പറയുന്നത് കാണുക. ആയിശ(റ)യില്‍ നിന്ന്: കാലില്‍ നീരുവന്ന് വിണ്ടുകീറുവോളം നബി(സ്വ) രാത്രിയില്‍ നിന്ന് നമസ്കരിക്കാറുണ്ടായിരുന്നു. ഞാന്‍ ചോദിച്ചു. ദൈവദൂതരേ, താങ്കളുടെ കഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപങ്ങളെല്ലാം അല്ലാഹു പൊറുത്തു തന്നിട്ടുണ്ടല്ലോ? എന്നിട്ടും എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്? പ്രവാചകന്‍ മറുപടി പറഞ്ഞു. ഞാനൊരു നന്ദിയുള്ള ദാസനാകേണ്ടേ?” നബിക്ക്(സ്വ)പ്രായമായപ്പോള്‍ അദ്ദേഹം ഇരുന്ന് നമസ്കരിക്കുകയും പ്രണാമത്തിന്റെ സമയമായാല്‍ അദ്ദേഹം എഴുന്നേറ്റ് നിന്ന് ഏതാനും സൂക്തങ്ങള്‍ കൂടി പാരായണം ചെയ്തതിനു ശേഷം പ്രണാമം നടത്തുകയും ചെയ്യുമായിരുന്നു.(26)
പാതിരാവില്‍ എഴുന്നേറ്റിരുന്ന് മണിക്കൂറുകള്‍ നീണ്ട പ്രാര്‍ഥനയില്‍ മുഴുകിയത് മദീനയിലെ ഭരണാധികാരിയായിരുന്ന മുഹമ്മദ് നബി(സ്വ)യായിരുന്നു. ആരും നിരീക്ഷിക്കുവാനില്ലാത്ത നേരത്ത് ദീര്‍ഘനേരം തന്റെ രക്ഷിതാവുമായി സ്വകാര്യസംഭാഷണത്തില്‍ മുഴുകുയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. കാലില്‍ നീരുവന്ന് വിണ്ടുകീറുവോളം ദീര്‍ഘമായ സ്വകാര്യ നമസ്കാരത്തിനു പിന്നിലുള്ള നബിയുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് വിശദീകരിക്കുവാന്‍ അധികാരത്തിലെത്തുവാനുള്ള കുറുക്കുവഴികളായിരുന്നു അദ്ദേഹത്തിന്റെ ആരാധനകളെല്ലാമെന്ന് സമര്‍ഥിക്കാന്‍ ശ്രമിച്ച നബിവിമര്‍ശകര്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. അനുയായികള്‍ക്കു മുന്നില്‍ ആത്മീയാചാര്യനായി ചമയുവാനുള്ള തന്ത്രം മാത്രമായിരുന്നു നബി(സ്വ)യുടെ നമസ്കാരവും നോമ്പും സകാത്തുമെല്ലാമെങ്കില്‍ ഒരാള്‍ക്ക് നേടാന്‍ കഴിയുന്നതില്‍ വെച്ച് ഏറ്റവും ഉന്നതമായ ഭൌതികസ്ഥാനങ്ങള്‍ ലഭ്യമായതിനു ശേഷവും ത്യാഗങ്ങള്‍ സഹിച്ചുകൊണ്ട് നമസ്കരിക്കുവാന്‍ നബി(സ്വ)യെ പ്രേരിപ്പിച്ചതെന്തായിരുന്നുവെന്ന് വിശദീകരിക്കേണ്ട ചുമതല നബിവിമര്‍ശകര്‍ക്കുണ്ട്; മക്കയിലെ പീഡനകാലത്തും യുദ്ധങ്ങളുടെ പരീക്ഷണകാലത്തും നിര്‍വഹിച്ച അതേ ആത്മാര്‍ഥതയോടു കൂടിത്തന്നെ അധികാരത്തിന്റെ ഉന്നതശ്രേണിയിലായിരിക്കുമ്പോഴും നമസ്കരിക്കാനാവുന്നത്. അതിന്നു പിന്നില്‍ സ്വാര്‍ഥമായ താല്‍പര്യങ്ങളൊന്നുമല്ലാത്തതിനാലാണ് എന്നുറപ്പാണ്. അങ്ങനെ വല്ല താല്‍പര്യങ്ങളുമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ നമസ്കാരം കേവലം പ്രകടനപരമായിത്തീരുമായിരുന്നുവെന്ന് വ്യക്തം. ഒരേസമയം ഒമ്പത് ഇണകള്‍ക്ക് സംതൃപ്തമായ ദാമ്പത്യജീവിതം പ്രദാനം ചെയ്തു കൊണ്ട് ജീവിക്കുന്നതിനിടയിലും രാത്രിയുടെ പകുതിയിലേറെയും ആരാധനാനിമഗ്നമായി ഉണര്‍ന്നിരിക്കുന്ന പ്രവാചകജീവിതത്തില്‍ പ്രകടനപരത ആരോപിക്കുവാന്‍ മനഃസാക്ഷിയുള്ളവര്‍ക്കൊന്നും കഴിയില്ല. ഇഹലോകത്തെ ചത്ത ആട്ടിന്‍കുട്ടിയോട് ഉപമിക്കുകയും അതുപ്രകാരം ആഡംബരങ്ങളോട് ആര്‍ത്തി കാണിക്കാതെ ജീവിക്കുകയും ചെയ്ത നബി(സ്വ)ക്ക് എന്ത് പ്രകടനപരത?
ജാബിറുബ്നു അബ്ദില്ലയില്‍ നിന്ന്: നബി (മദീനയുടെ) ഉയര്‍ന്ന പ്രദേശത്തുകൂടെ വന്ന് അങ്ങാടിയിലൂടെ കടന്നുപോയി. നബിയുടെ ഇരു വശങ്ങളിലും ജനങ്ങള്‍ നില്‍പുണ്ട്. നബി(സ്വ) നടന്ന് ചെറിയ ചെവിയുള്ള ചത്ത ഒരാട്ടിന്‍കുട്ടിയുടെ അടുത്തെത്തി. അതിന്റെ ചെവി പിടിച്ചു കൊണ്ട് നബി ചോദിച്ചു. ഒരു ദിര്‍ഹമിന് ആര്‍ക്ക് ഇതിനെവേണം? അവര്‍ പറഞ്ഞു. 'ഞങ്ങള്‍ക്ക്. അത് ഒന്നിന്റെ പകരമായും വേണ്ട. അത് എന്തിന് കൊള്ളാം? നബി ചോദിച്ചു. നിങ്ങള്‍ക്കിത് സൌജന്യമായി തരാം, എന്താ വേണ്ടേ?' അവര്‍ പറഞ്ഞു. ജീവനുള്ളതാണെങ്കില്‍ത്തന്നെ അതിന് ന്യൂനതയുണ്ട്. ചെവി ചെറുതാണ്. പിന്നെ ചത്ത ഇതിനെ ആര്‍ക്ക് വേണം? അപ്പോള്‍ നബി പറഞ്ഞു. നിങ്ങള്‍ക്കിത് എത്ര നിസ്സാരമാണോ അതിനേക്കാള്‍ നിസ്സാരമാണ് അല്ലാഹുവിന് ഐഹികലോകം.(27)
കുറിപ്പുകള്‍:
(1) സ്വഹീഹുല്‍ ബുഖാരി, കിത്താബുല്‍ വുദ്വൂഅ്.
സ്വഹീഹു മുസ്ലിം, കിത്താബുല്‍ ജിഹാദ് വ സ്സ്വിയാര്‍
(2) അബൂയഅ്ലയും ബസ്സാറും സ്വീകാര്യമായ പരമ്പരയോടെ നിവേദനം ചെയ്തതെന്ന് ഇബ്നു ഹജറുല്‍ അസ്ഖലാനി (ഫത്ഹുല്‍ ബാരി 15/11/ ഹദീഥ് 3856) സാക്ഷ്യപ്പെടുത്തിയത്.Quoted by Dr: Mahdi Rizqullah Ahmed: A Biography of the Prophet of Islam, Riyadh, 2005, Volume 1, Page 195.
(3) ഇമാം ഇബ്നു കഥീറിന്റെ അല്‍ ബിദായ വന്നിഹായയില്‍ ഉദ്ധരിച്ചത്. വാല്യം 3 പുറം 33,34
(4) A Guillaume: The Life of Muhammed, A Translation of Ibn Ishaq s Sirat Rasul Allah, Karachi, 1967, Page 158, 159. ഈ നിവേദനം സ്വീകാര്യമായ ഹദീഥുകളുടെ ഗണത്തില്‍പെടുത്താവുന്നതാണെന്ന് (ഹസന്‍) പണ്ഡിതന്‍മാര്‍ പരിഗണിച്ചിട്ടുണ്ടെന്ന് നബിചരിത്രകാരനായ ഡോ: മഹ്ദി റിസ്ഖുല്ലാ അഹ്മദ് രേഖപ്പെടുത്തിയിട്ടുണ്ട്. Dr: Mahdi Rizqullah Ahmed, opcit, Page 198.
(5) Safi-ur-Rahman Mubarak Puri: Dr.Raheeq Al-Makhtum, Riyadh, 1995, Page 36, സംഭവത്തിന്റെ ആധികാരികതയെപ്പറ്റിയോ സ്രോതസ്സിനെപ്പറ്റിയോ ഗ്രന്ഥകര്‍ത്താവ് യാതൊന്നും പറയുന്നില്ല.
(6) ഇബ്നു ഇസ്ഹാഖിന്റെ ‘സീറത്തു റസൂലില്ലയില്‍ നിന്ന് മുബാറക് പുരി ഉദ്ധരിച്ചത്. ഈ നിവേദനം പ്രബലമല്ലെന്നാണ് (ദ്വഈഫ്) പണ്ഡിതാഭിപ്രായം.
(7) അതേഗ്രന്ഥം
(8) A Guillaume: Ibn Ishaq’s Sirat RasulAllah, Page 143, 144 പരമ്പരയില്ലാതെയാണ് ഇബ്നു ഇസ്ഹാഖ് ഈ സംഭവം ഉദ്ധരിച്ചിരിക്കുന്നതെങ്കിലും സ്വഹീഹുല്‍ ബുഖാരി, കിത്താബു സ്സ്വഹാബയില്‍ നിവേദനം ചെയ്ത ഹദീഥുമായി ഇതിലെ ആശയം യോജിച്ചു വരുന്നതിനാല്‍ ഇത് സ്വീകാര്യമാണെന്നാണ് പൊതുമായ പണ്ഡിതാഭിപ്രായം. ഇമാം അഹ്മദ് തന്റെ മുസ്നദിലും ഹാക്കിം തന്റെ അല്‍ മുസ്തദ്റക്കിലും (3/284) സ്വഹീഹായ പരമ്പരയോടു കൂടി ഈ സംഭവം സ്ഥിരീകരിച്ചിട്ടുമുണ്ട്.
(9) ഹാക്കിം തന്റെ അല്‍ മുസ്തദ്റക്കില്‍ (3/360) സ്വീകാര്യയോഗ്യമായ നിവേദകപരമ്പരയോടെ ഉദ്ധരിച്ച മുര്‍സല്‍ ആയ നിവേദനം. Quoted by Dr: Mahdi Rizqullah Ahmed, optcit, page 198
(10) ഹാക്കിം തന്റെ അല്‍മുസ്തദ്റക്കില്‍ (3/388) ജാബിറി(റ)ല്‍ നിന്ന് ഈ ഹദീഥ് സ്വീകാര്യമായ പരമ്പരയോടെ നിവേദനം ചെയ്തിട്ടുണ്ട്. Dr: M.R. Ahmed, Ibid Page 201
(11) ഇബ്നു കഥീര്‍ തന്റെ തഫ്സീറില്‍ (ംംം.മഹമേളശൃെ.രീാ) ഇബ്നു അബ്ബാസില്‍ (റ) നിന്ന് നിവേദനം ചെയ്തത്.
(12) Eijaz Al-Thanzil Page 23, Quoted by Safi-ur-rahman Al-Mubarakpuri, opt cit page 97
(13) അബു നുഐം തന്റ ഫില്‍യ(1/144)യില്‍ ശഅബിയില്‍ നിന്ന് മുര്‍സലായി നിവേദനം ചെയ്ത് ഈ സംഭവം ഉദ്ധരിക്കുന്നുണ്ട്. ഇമാം അല്‍ബാനി ഈ ഹദീഥ് സ്വീകാര്യയോഗ്യമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. (സ്വഹീഹ് സുനനു ഇബ്നു മാജ, ഹദീഥ് 153) Quoted by Dr: M.R. Ahmed Opt Cit 205, 206
(14) Ibn Ishaq’s Sirat Rasul Allah, Page 191; ഇത് ഹസനായ പരമ്പരയോടു കൂടി നിവേദനം ചെയ്യപ്പെട്ട മുര്‍സലായ ഹദീഥാണ്. Dr: M.R. Ahmed Opt cit Page 208
(15) Safi-ur-Rahman Al Mubarakpuri, OptCit Page 97
(16) ഇബ്നു ഇസ്ഹാഖ് (ഇബ്നു ഹിഷാം 1/362363) മുറിഞ്ഞ പരമ്പരയോടുകൂടി ഉദ്ധരിച്ചതാണ് ഈ സംഭവമെങ്കിലും ചില പില്‍ക്കാല പണ്ഡിതന്‍മാര്‍ ജാബിറി(റ)ല്‍ നിന്ന് മുറിയാത്ത പരമ്പരയോടെ ഈ സംഭവം നിവേദനം ചെയ്തിട്ടുണ്ട്. ഈ പരമ്പര സ്വീകാര്യമാണെന്നാണ് (ഹസന്‍) ശൈഖ് അല്‍ബാനിയുടെ അഭിപ്രായം. ഈ സംഭവം തന്നെ മറ്റൊരു രൂപത്തില്‍ ഹാക്കിം തന്റെ അല്‍മുസ്തദ്റക്കില്‍ (2/506507) സ്വീകാര്യമായ (സ്വഹീഹ്) പരമ്പരയോടെ നിവേദനം ചെയ്തിട്ടുണ്ട്. Quoted by Dr. M.R Ahmed: Opt cit page 191-192
(17) Ibn Ishaq’s Sirat Rasul Allah Page 119. ഇബ്നു ഇസ്ഹാഖിന്റെ നിവേദനത്തിന്റെ പരമ്പര പൂര്‍ണമല്ല. Dr. M.R. Ahmed: Page 171
(18) Ibn Ishaq’s Sirat Rasul Allah Page 159-161 ഇബ്നു ഹജര്‍ തന്റെ ഫത്ഹുല്‍ ബാരിയിലും (15/38) ദഹബി തന്റെ സീറയിലും (പുറം 221) ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ടെങ്കിലും ആരും തന്നെ സ്വീകാര്യമായ പരമ്പരയോടെ ഇത് നിവേദനം ചെയ്തിട്ടില്ല. Dr. M.R Ahmed: Page 244-245
(19) Safi-ur-Rahman Al-Mubarakpuri, Opt, cit, Page 226
(20) സ്വഹീഹുല്‍ ബുഖാരി, കിത്താബുല്‍ മഗാസി
(21) Ibn Ishaq’s Sirat Rasul Allah Page 381-384; സ്വഹീഹുല്‍ ബുഖാരി, കിത്താബുല്‍ ജിഹാദ്; സ്വഹീഹു മുസ്ലിം, കിത്താബുല്‍ ജിഹാദ് വസ്സ്വിയാര്‍.
(22) ഇമാം അഹ്മദ് തന്റേ മുസ്നദിലും (3/423) ഹാക്കിം തന്റെ അല്‍മുസ്തദ്റക്കിലും (3/23) സ്വീകാര്യമായ പരമ്പരയോടെ (സ്വഹീഹ്) ഇത് നിവേദനം ചെയ്തിട്ടുണ്ട്. Dr. M.R. Ahmed: Opt cit page 490; Safi-ur-Rahman Mubark puri Opt cit, page 285, 286
(23) സ്വഹീഹുല്‍ ബുഖാരി, കിത്താബുശ്ശുറൂത്ത്: ഇതേ സംഭവം ഇത്ര വിശദമല്ലാതെ സ്വഹീഹു മുസ്ലിമില്‍ കിത്താബുല്‍ ജിഹാദ് വസ്സ്വിയാറിലെ വ്യത്യസ്ത ഹദീഥുകളില്‍ നിവേദനം ചെയ്തിട്ടുണ്ട്.
(24) ഖുറൈശികളെ പ്രതിനിധീകരിച്ചുകൊണ്ട് കരാറെഴുതാന്‍ വന്ന സുഹൈലുബ്നു അംറിന്റെ മകനാണ് അബൂ ജന്‍ദല്‍ Ibn Ishaq’s Sirat Rasul Allah, Page 505
(25) സ്വഹീഹുല്‍ ബുഖാരി, കിത്താബുത്തഫ്സീര്‍; സ്വഹീഹു മുസ്ലിം, കിത്താബുല്‍ ജിഹാദ് വസ്സ്വിയാര്‍
(26) സ്വഹീഹുല്‍ ബുഖാരി, കിത്താബുത്തഫ്സീര്‍
(27) സ്വഹീഹു മുസ്ലിം, കിത്താബുസ്സുഹ്ദു വര്‍റഖാഇഖ്